പൂർണനീതി ലഭിച്ചില്ല: തെറ്റായ സന്ദേശം നൽകുന്ന വിധിയെന്ന് പ്രോസിക്യൂട്ടർ

Saturday 13 December 2025 1:34 AM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയിൽനിന്ന് പരിപൂർണനീതി ലഭിച്ചില്ലെന്ന് പബ്‌ളിക് പ്രോസിക്യൂട്ടർ വി. അജകുമാർ പറഞ്ഞു. മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഗൂഢാലോചന നടത്തി കുറ്റകൃത്യം നടപ്പാക്കിയ പ്രതികൾക്ക് ഏറ്റവും കുറഞ്ഞശിക്ഷ നൽകുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിനും നീതിപീഠത്തിനും നൽകുന്നത്. മേൽക്കോടതിയിൽനിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷ. പരമാവധി ശിക്ഷ ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രോസിക്യൂഷന് തിരിച്ചടിയല്ല വിധി. തെളിവുകളുള്ളതുകൊണ്ടാണ് പ്രതികളെ ശിക്ഷിച്ചത്.

എട്ടാംപ്രതി ദിലീപ് കുറ്റമുക്തനാകാൻ കാരണം ഉത്തരവ് വായിക്കാതെ പറയാൻ കഴിയില്ല.

കുറ്റം കണ്ടെത്തിയാൽ ആനുപാതികമായി ശിക്ഷ വിധിക്കേണ്ടതാണ്. നിർഭയകേസിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് നിശ്ചയിച്ച കുറഞ്ഞ ശിക്ഷയാണ് 20വർഷം. അത് ഒരു കോടതിയുടെയും ഔദാര്യമല്ല. പ്രോസിക്യൂഷന്റെ അവകാശമാണ്. കുറഞ്ഞത് 20വർഷം എന്നു പറഞ്ഞാൽ 20ന് മുകളിൽ എത്രവർഷം വേണമെങ്കിലും കോടതിക്ക് ശിക്ഷിക്കാം.

കേസിനെക്കുറിച്ച് വ്യക്തിപരമായി യാതൊരു നിരാശയുമില്ല. ഈ പാസ്‌പോർട്ട് കിട്ടുന്നതിനാണ് കഴിഞ്ഞ മൂന്നരവർഷം കോടതിക്കകത്ത് വെന്തുനീറിയത്. തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ വേണ്ട സ്ഥലങ്ങളിൽ വേണ്ടവിധത്തിൽ അവതരിപ്പിക്കും. അതിനുള്ള പരിഹാരം തേടും.

ശിക്ഷകുറഞ്ഞുപോയതിനെതിരെ അപ്പീൽ നൽകാൻ സർക്കാരിന് ശുപാർശ നൽകും.