സെൻസേഷന് വഴങ്ങില്ലെന്ന് വിചാരണക്കോടതി 1400ൽ അധികം പേജുകളുള്ള വിധി

Saturday 13 December 2025 1:36 AM IST

കൊച്ചി:ശിക്ഷവിധിക്കുമ്പോൾ നീതിപീഠം വികാരങ്ങൾക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ലെന്ന് നടി കേസ് വിധിയുടെ ആമുഖത്തിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് പറഞ്ഞു.

1400ൽ അധികം പേജുകളുള്ളതാണ് വിധി.

സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.

ശിക്ഷവിധിക്കുമ്പോൾ കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ട്. സമൂഹത്തോടും കുറ്റവാളിയോടും നീതിപുലർത്തുന്ന രീതിയിൽ സന്തുലിതമായിവേണം കാര്യങ്ങൾ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതി മാനസാന്തരപ്പെടാനുള്ള സാദ്ധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങൾ എന്നിവയും പരിഗണിക്കണം.

പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസി​നെ ചോദ്യംചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരിൽ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവർക്ക് മാനസികമായ ആഘാതവും നൽകി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവർ ആക്രമിക്കപ്പെട്ടതെന്നതും അപ്രതീക്ഷിതമായിരുന്നു ഇതെന്നും പരിഗണിക്കേണ്ടതുണ്ട്. എന്നിരുന്നാലും പ്രതികളുടെ പ്രായം, അവരുടെ കുടുംബസാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിച്ചു. 40 വയസി​ൽ താഴെയുള്ളവരാണ് എല്ലാ പ്രതികളും.

നിർഭയ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണെന്നും ഉത്തരവിൽ പറയുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തേയും ബാധിക്കുന്നു. ലിംഗനീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചാണ് വിധിപ്രസ്താവം കോടതി നടത്തിയത്.