കോടതിയിൽ പതർച്ചയോടെ പൾസർ സുനിയും വിജീഷും
കൊച്ചി: നടി കേസിൽ ഇന്നലെ രാവിലെ ശിക്ഷ സംബന്ധിച്ച വാദം നടക്കുമ്പോൾ ഒന്നാംപ്രതി പൾസർ സുനി ഉള്ളുലഞ്ഞ നിലയിൽ പ്രതിക്കൂടിന്റെ ക്രോസ്ബാറിൽ മുഖംപൂഴ്ത്തി വിതുമ്പി. നാലാംപ്രതി വിജീഷും സമാന മാനസികാവസ്ഥയിലായിരുന്നു. വൈകിട്ട് വിധിവന്നപ്പോൾ കുറഞ്ഞ ശിക്ഷയാണ് വിധിച്ചത്. ഇതുവരെ അനുഭവിച്ച ജയിൽവാസം ഇളവുചെയ്യുമെന്ന് അറിഞ്ഞതോടെ ആറു പ്രതികളിലും തെല്ല് ആശ്വാസം പ്രതിഫലിച്ചു.
രാവിലെ ലിസ്റ്റിലുള്ള മറ്റ് കേസുകൾ പരിഗണിച്ചശേഷം 11.30നാണ് അന്തിമവാദത്തിനെടുത്തത്. പ്രതികൾക്ക് പറയാനുള്ളത് രേഖപ്പെടുത്തിയശേഷം അവരുടെ അഭിഭാഷകരുടേയും സർക്കാരിന്റേയും വാദംകേട്ടു. അതിജീവിതയ്ക്കായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ആരും എത്തിയിരുന്നില്ല. ഒരുമണിയോടെ വാദംപൂർത്തിയാക്കി മൂന്നരയ്ക്ക് വിധിപറയാൻ മാറ്റി.
ആറുപ്രതികൾക്കുമെതിരേ കൂട്ടബലാത്സംഗം (ഐ.പി.സി 376-ഡി) ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞിരുന്നു. എന്നാൽ ഒന്നാംപ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ അതേതീവ്രത മറ്റു പ്രതികളുടെ കുറ്റത്തിനുണ്ടോയെന്ന്കോ ടതിക്ക് വ്യക്തതവരുത്തേണ്ടതുണ്ടായിരുന്നു. കൂട്ടുത്തരവാദിത്വത്തിന്റെ പേരിലല്ലേ ഇവരിൽ കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് കോടതി ചോദിച്ചു. മാനസാന്തരത്തിന്റെ സാദ്ധ്യതയും ആരാഞ്ഞു.
മറ്റ് പ്രതികൾ സഹായിച്ചതിനാലാണ് ഒന്നാംപ്രതിക്ക് ഹീനകുറ്റകൃത്യം ചെയ്യാനായതെന്നും അവർ പ്രധാനകണ്ണികളാണെന്നും പ്രോസിക്യൂട്ടർ വി. അജകുമാർ വാദിച്ചു. കുറ്റകൃത്യങ്ങളുടെ ആകെത്തുക കണക്കിലെടുക്കണം. തുല്യമായ ശിക്ഷയ്ക്ക് അർഹരാണ്. പരമാവധി ശിക്ഷയാണ് പരിവർത്തനത്തിലേക്കുള്ള മാർഗമെന്നും ചൂണ്ടിക്കാട്ടി. രണ്ടുമുതൽ ആറുവരെ പ്രതികൾക്ക് കുറഞ്ഞശിക്ഷ പരിഗണിക്കണമെന്ന് അവരുടെ അഭിഭാഷകർ അപേക്ഷിക്കുകയുംചെയ്തു.ഒരുമണിയോടെ വാദംപൂർത്തിയാക്കി മൂന്നരയ്ക്ക് വിധിപറയാൻ മാറ്റി.
നടപടികൾ പൂർത്തിയാക്കി വൈകിട്ട് ഏഴരയോടെയാണ് പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിലാക്കണമെന്ന് രണ്ടാംപ്രതി മാർട്ടിൻ അഭ്യർത്ഥിച്ചു. കാക്കനാട് ജില്ലാ ജയിലിൽ ദുരനുഭവങ്ങളുണ്ടായെന്ന് പ്രദീപും പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ പരിഹാരമുണ്ടാക്കാമെന്ന് കോടതി പറഞ്ഞു.
അതിജീവിതയുടെ
നിസ്സഹായാവസ്ഥ
ഒരു സ്ത്രീയുടെ അന്തസിന്റെ വിഷയമാണ് ഇതെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കേണ്ടേ എന്നും കോടതി വാദത്തിനിടെ ചോദിച്ചു. യഥാർത്ഥ കുറ്റവാളി പൾസർ സുനിയാണെന്നും മറ്റുള്ളവർക്ക് കുറ്റകൃത്യത്തിന്റെ കൂട്ടുത്തരവാദിത്വം മാത്രമാണെന്നും കൂട്ടിച്ചേർത്തു.
സമൂഹത്തിന് സന്ദേശമാകുന്ന വിധി പ്രസ്താവമാകണമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. വിധി നിയമവശങ്ങൾ നോക്കിയാണെന്നും ശിക്ഷയാണ് സമൂഹത്തിന് സന്ദേശമാവുകയെന്നും ജഡ്ജി ഹണി എം. വർഗീസ് തിരുത്തി. സംശയങ്ങൾക്കുള്ള ഉത്തരം വിധിന്യായത്തിൽ ഉണ്ടാകും. അഭിപ്രായം പറയുന്നവർ ഇത് വായിക്കണമെന്നും വാദംകേൾക്കൽ പൂർത്തിയാക്കവേ കോടതി പ്രതികരിച്ചു.