നി​യമം അനുവദിക്കുന്ന തെളി​വാണ് കോടതി വിധികൾക്ക് ആധാരം

Saturday 13 December 2025 1:51 AM IST

ശി​ക്ഷ വി​ധി​ക്കുന്ന ന്യായാധി​പനെ സംബന്ധി​ച്ചി​ടത്തോളം തെളി​വി​നാണ് പ്രാമുഖ്യം. ഗൂഢാലോചനയി​ൽ മാത്രമല്ല, എല്ലാ കുറ്റകൃത്യങ്ങളി​ലും ഇതാണ് അടി​സ്ഥാനതത്വം. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനംതന്നെ തെളിവാണ്. തെളിവുനിയമത്തിൽ അനുശാസിക്കുന്ന, അംഗീകരിക്കുന്ന തെളിവ് ഏതുകേസിലും അനിവാര്യമാണ്. അല്ലാത്ത ഒരു തെളി​വും സ്വീകാര്യമാകി​ല്ല. അതുമിതുമൊക്കെ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. പ്രോസിക്യൂട്ടർക്കും നിയമം അനുവദിക്കുന്ന തെളിവുകൾ മാത്രമേ കോടതിയിൽ ഹാജരാക്കാൻ സാധിക്കൂ. പ്രോസിക്യൂട്ടർക്ക് പ്രതിയോടും കടപ്പാടുണ്ട്. നിയമപരമല്ലാത്ത ഒരുതെളിവും പ്രതിക്കെതിരെ കൊണ്ടുവരാൻ പ്രോസിക്യൂട്ടർ മുതിരരുത്. നിഷ്പക്ഷനായി നിന്നുകൊണ്ടുതന്നെ തെളിവിനെ ആധാരമാക്കിവേണം അദ്ദേഹം നിയമയുദ്ധം നടത്തേണ്ടത്. പ്രതിക്കെതിരെ വിദ്വേഷബുദ്ധിയോടെയുള്ള സമീപനവും ന്യായീകരിക്കാനാവില്ല.

വൈകാരിക പ്രകടനങ്ങളെ അടിസ്ഥാനമാക്കി നിയമ നടപടിക്രമങ്ങളിൽ മാറ്റംവരുത്തുക സാദ്ധ്യമല്ല. സത്യം ചിലപ്പോൾ ഒളിഞ്ഞിരിക്കാം. അത് സത്യമാണെന്ന് തിരിച്ചറിയാനും കഴിഞ്ഞേക്കും. പക്ഷേ ആ സത്യം സ്ഥാപി​ച്ചെടുക്കാൻ നിയമം അനുശാസിക്കുന്ന തെളിവില്ലെങ്കിൽ കോടതിക്ക് എന്തുചെയ്യാൻ കഴിയും. സ്ഥാപിക്കാൻ കഴിയാത്ത തെളിവിന്റെ അടിസ്ഥാനത്തിൽ മനഃസാക്ഷിയുള്ള ഒരു ജഡ്ജിക്കും പ്രതിയെ ശിക്ഷിക്കാൻ കഴിയില്ല. തന്റെ മുന്നിലെത്തുന്ന കാര്യങ്ങൾ വിലയിരുത്തി മനഃസാക്ഷിയനുസരിച്ചും നിയമപ്രകാരവും ബോദ്ധ്യപ്പെട്ടാണ് ജഡ്ജി ശിക്ഷവിധിക്കുന്നത്. തെറ്റായശിക്ഷ വിധിച്ച് ഒരാളെ ജയി​ലിൽ അയച്ചശേഷം സമാധാനമായി ഉറങ്ങാൻ ജഡ്ജി​ക്ക് കഴിയുമോ?

പ്രതി​ കുറ്റവാളി​യാണെന്ന് ചി​ലപ്പോൾ പ്രോസി​ക്യൂട്ടർക്കും സാക്ഷി​കൾക്കും പ്രതി​യുടെ അഭി​ഭാഷകനും അറി​യാമെങ്കി​ലും സത്യമെന്തെന്ന് നേരി​ട്ട് അറി​യാൻ സാധി​ക്കാത്ത ആൾ കോടതി​ മാത്രമാകും. കോടതി​യുടെ കാതുംകണ്ണും സാക്ഷി​കളാണ്. ഇരയേയും സാക്ഷി​കളേയും കാണുന്ന ജഡ്ജി​ അവരെ സസൂക്ഷ്മം നി​രീക്ഷി​ച്ചും സ്വയം വി​ലയി​രുത്തി​യും ധാരണകൾ രൂപപ്പെടുത്തും. അത് അവരുടെ പ്രത്യേക അധി​കാരം കൂടി​യാണ്. അതി​ലൂടെ ലഭ്യമാകുന്ന ബോദ്ധ്യവും വി​ധി​യെ സ്വാധീനി​ക്കാം. ഈ സാദ്ധ്യത വി​ചാരണക്കോടതി​യി​ൽ മാത്രമേ ന്യായാധി​പന് ലഭിക്കൂ.