കുടുംബസമേതം സന്നിധാനത്ത് എത്തി ഡിജിപി; ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഉറപ്പുനൽകി

Saturday 13 December 2025 7:23 AM IST

ശബരിമല: സന്നിധാനത്തെത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ. കുടുംബത്തോടൊപ്പം സന്നിധാനത്ത് ദർശനത്തിനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാ ദിവസവും 80,000ത്തിലധികം ഭക്തർ സന്നിധാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 85000ത്തിലധികം ഭക്തരാണ് എത്തുന്നത്.

സുരക്ഷ ഉറപ്പാക്കാനും ദർശനം സുഗമമാക്കാനും മികച്ച ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 3000ത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായും ഹൈക്കോടതിയുമായും ആശയവിനിമയം നടത്തിയതിന് ശേഷം തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.