തിരുവനന്തപുരത്ത് എൽ‌ഡിഎഫ് -എൻഡിഎ മുന്നേറ്റം; കൊച്ചിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Saturday 13 December 2025 8:42 AM IST

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂർ പിന്നിടുമ്പോൾ പലയിടങ്ങളിലും എൽഡിഎഫ് തരംഗം. അടൂർ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിചാരിച്ച തിരുവനന്തപുരം കോർപറേഷനിലും എൽഡിഎഫും എൻഡിഎയും ലീഡ് തുടരുകയാണ്. തിരുവനന്തപുരം പേട്ടയിൽ അതിശക്തമായ ത്രികോണമത്സരം നടക്കുമെന്ന പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥി എസ് പി ദീപക്കാണ് മുന്നേറുന്നത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസിന്റെ അനിൽകുമാറാണുള്ളത്. കൊല്ലത്തും പലയിടങ്ങളിലും എൽഡിഎഫാണ് മുന്നേറുന്നത്.

അതേസമയം, കൊച്ചി കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോസ്​റ്റൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ 16 ഡിവിഷനുകളിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. ആദ്യസമയങ്ങളിൽ പലയിടങ്ങളിലും യുഡിഎഫ് ലീഡ് ചെയ്‌തെങ്കിലും ഇപ്പോൾ സമനിലയിൽ മുന്നേറുകയാണ്.