ഇടതിനൊപ്പം കൂടിയ മുൻ എംഎൽഎ എ വി ഗോപിനാഥ് തോറ്റു; പാലക്കാട് നഗരസഭകളിൽ ബിജെപി മുന്നിൽ

Saturday 13 December 2025 9:17 AM IST

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് തോറ്റു. ഗോപിനാഥ് നേതൃത്വം നൽകുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐ ഡി എഫ്) പതിനൊന്നിടങ്ങളിലാണ് മത്സരിച്ചത്. ഇതിൽ ഏഴിടത്തും തോറ്റു. ഒമ്പതാം വാർഡിലാണ് ഗോപിനാഥ് മത്സരിച്ചത്. 130 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയോട് തോറ്റിരിക്കുന്നത്.

പാലക്കാട്‌ മുൻ ഡിസിസി പ്രസിഡന്റാണ് എ വി ഗോപിനാഥ്. ഒരുകാലത്ത് "പെരിങ്ങോട്ടുകുറിശ്ശിയിലെ ഉമ്മൻചാണ്ടി" എന്നായിരുന്നു ഗോപിനാഥ് അറിയപ്പെട്ടിരുന്നത്. അടുത്തിടെയാണ് അദ്ദേഹം എൽ ഡി എഫിനോപ്പം കൂടിയത്. തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഐ ഡി എഫും സി പി എമ്മും മുന്നണിയായി മത്സരിക്കുകയായിരുന്നു.

അമ്പത് വർഷത്തെ കോൺഗ്രസ് ഭരണത്തിന് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് അന്ത്യം കുറിക്കാൻ പോകുകയാണെന്നും സി പി ഐയും മുസ്ലീംലീഗിലെ ഒരു വിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നും അവകാശവാദമുന്നയിച്ചാണ് ഗോപിനാഥ് മത്സരത്തിനിറങ്ങിയത്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വികസനം കൊണ്ടുവന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എ വി ഗോപിനാഥ് തങ്ങൾക്കൊരു ഭീഷണിയല്ലെന്ന് അന്ന് തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം, പാലക്കാട് നഗരസഭയിൽ ബി ജെ പിയാണ് നിലവിൽ ലീഡ് ചെയ്യുന്നത്. പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിലാണ് ബി ജെ പി മുന്നേറുന്നത്. ഷൊർണൂരിൽ പത്തിടത്ത് ബി ജെ പി വിജയിച്ചു. ചിറ്റൂർ തത്തമംഗലത്ത് എൽഡിഎഫ് ചെയർമാനും വൈസ് ചെയർമാനും തോറ്റു.

ജില്ലയിലെ ഏഴ് നഗരസഭകളിലേക്കായി 783 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ എല്ലാവരും ഉറ്റുനോക്കുന്നത് പാലക്കാട് നഗരസഭയിലേക്കാണ്. കഴിഞ്ഞ രണ്ട് തവണയും ഭരണത്തിലേറിയ ബി.ജെ.പി ഇത്തവണ ഹാട്രിക് അടിക്കുമോ എന്നതാണ് അറിയേണ്ടത്. ആകെയുള്ള 52 സീറ്റുകളിൽ 28 എണ്ണവും നേടിയാണ് കഴിഞ്ഞ തവണ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. വാർഡ് വിഭജനത്തിനുശേഷം ഇത്തവണ 53 വാർഡുകളാണുള്ളത്. 27സീറ്റാണ് ഭൂരിപക്ഷം വേണ്ടത്. 51 സീറ്റുകളിലേക്ക് ബി.ജെ.പിയും രണ്ട് സീറ്റുകളിൽ ബി.ഡി.ജെ.എസും മത്സരിക്കുന്നു. യു.ഡി.എഫിൽ ഒമ്പത് സീറ്റുകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുള്ളത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ബാക്കി കോൺഗ്രസുമാണ്.