തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎ കൊണ്ടുപോകുമോ? അട്ടിമറി സൂചനയുമായി ലീഡുനില

Saturday 13 December 2025 9:23 AM IST

തിരുവനന്തപുരം: ഏവരും ഉറ്റുനോക്കുന്ന തലസ്ഥാന കോർപ്പറേഷനിൽ എൽഡിഎഫിനെ വീഴ്ത്തി എൻഡിഎ അധികാരത്തിൽ എത്തുമോ? ആദ്യഘട്ട ലീഡുനിലകൾ സൂചിപ്പിക്കുന്നത് അങ്ങനെയാണ്. ഒ‌ടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ എൽഡിഎഫ് 14സീറ്റുകളിലും എൻഡിഎ 16 സീറ്റുകളിലുമാണ് ലീഡുചെയ്യുന്നത്. യുഡിഎഫ് ആറ് സീറ്റിലും മറ്റുള്ളവർ ഒരുസീറ്റിലും ലീഡുചെയ്യുകയാണ്.

ലീഡുനിലയിൽ എൻഡിഎ ആണ് മുന്നിലെങ്കിലും തൊട്ടുപിന്നിൽ എൽഡിഎഫുണ്ട്. നിലവിലെ സൂചനകൾ അനുസരിച്ച് 2015ലെ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തിനാണ് കോർപ്പറേഷൻ എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ കോർപ്പറേഷൻ പിടിക്കും എന്ന ആത്മവിശ്വാസത്തിൽ മുൻ എംഎൽഎ ശബരീനാഥനെ രംഗത്തിറക്കിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനാവുന്ന ലക്ഷണമില്ല. ഒരുമണിക്കൂർ കൂടി കഴിയുമ്പോൾ യഥാർത്ഥ ചിത്രം ഏറക്കുറെ വ്യക്തമാകും.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നാണ് മന്ത്രി വി ശിവൻകുട്ടി പറയുന്നത്. എൽഡിഎഫിന് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം അത്യുജ്ജ്വലമായ വിജയമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പൊതുവെ സംസ്ഥാനത്താകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് കാണാൻ സാധിക്കുന്നത്. സാധാരണ ഗതിയിൽ ഒരു സർക്കാർ ഇരിക്കുന്ന സമയത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ആകുമ്പോള്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകാൻ സാദ്ധ്യതയുണ്ടല്ലോ?എന്നാൽ പ്രവര്‍ത്തകര്‍ വീടുകളിൽ പോകുന്ന സമയത്ത് അങ്ങനെയൊരു വികാരം ഒരിടത്തും ഉണ്ടായിട്ടില്ല. എല്ലാവരും വളരെ സംതൃപ്തരാണ്. തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം അത്യുജ്ജ്വലമായ വിജയമാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ 14ൽ 13 സീറ്റും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇപ്പോഴുള്ളത്'- ശിവൻകുട്ടി പറഞ്ഞു.