വെഞ്ഞാറമൂട്ടിൽ സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല
Saturday 13 December 2025 9:29 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീപിടിത്തം. തണ്ട്രാംപോയ്കയിലെ തവാനി സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിലാണ് തിപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സൂപ്പർ മാർക്കറ്റിന്റെ പുറകിലുള്ള ഷെഡാണ് ഗോഡൗണായി പ്രവർത്തിക്കുന്നത്. ഇത് പൂർണമായും കത്തിനശിച്ചു. ആറ്റിങ്ങൽ, നെടുമങ്ങാട്, കഴക്കൂട്ടം, കല്ലമ്പലം, കടയ്ക്കൽ എന്നീ ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്.