തിരുവനന്തപുരം മുട്ടടയിൽ അട്ടിമറി, ഇടതുകോട്ടയിൽ പാട്ടുംപാടി ജയിച്ച് വൈഷ്ണ സുരേഷ്

Saturday 13 December 2025 9:43 AM IST

തിരുവനന്തപുരം: സംസ്ഥാനമാകെ ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫിന്റെ അട്ടിമറി ജയം. വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് 397 വോട്ടിന്റെ ജയം. ഇടതുകോട്ടയായ മുട്ടടയിൽ വൈഷ്ണ സുരേഷ് സ്ഥാനാർത്ഥിയായതിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നു. 1607 വോട്ടാണ് വൈഷ്ണ നേടിയത്. സിപിഎമ്മും മേയർ ആര്യാ രാജേന്ദ്രനും ഇടപെട്ട് പേര് വെട്ടിയെന്ന ആക്ഷേപം ശക്തമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് വൈഷ്ണ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. തിരുവനന്തപുരത്ത് കാലങ്ങളായി ഇടതിന്റെ കൈവശമുള്ള മുട്ടട സീറ്റ് നഷ്ടപ്പെട്ടതോടെ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്.

കേശവദാസപുരത്തെ എൽഡിഎഫ് കൗൺസിലറായ അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. 1210 വോട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ബിജെപിക്കായി അജിത് കുമാറിന് 460 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളൂ. പ്രചാരണം ആരംഭിച്ച ശേഷമാണ് വോട്ട് വെട്ടിയെന്ന കാര്യം വൈഷ്ണ അറിയുന്നത്. മേൽവിലാസത്തിൽ അപാകതയുണ്ടെന്നും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

തുടർന്ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. നഗരസഭയിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂവെന്ന് ചട്ടമുള്ളതിനാൽ സ്ഥാനാർത്ഥിത്വം ആശങ്കയിലായി. യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെ രംഗത്തിറക്കി എൽഡിഎഫിന്റെ കൈയിലുള്ള മുട്ടട വാർഡ് പിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ആ ശ്രമം ഇപ്പോൾ വിജയിക്കുകയും ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ വൈഷ്ണയ്ക്ക് വേണ്ടി പ്രചാരണത്തിൽ സജീവമായിരുന്നു.

അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന തന്റെ പിതാവിന്റെ കുടുംബവീട് മുട്ടട വാർഡിലാണെന്നും ഈ മേൽവിലാസമാണ് എല്ലാ രേഖകളിലുമുള്ളതെന്നും വൈഷ്ണ പറഞ്ഞിരുന്നു. ഹിയറിംഗ് കഴിഞ്ഞിട്ടും കമ്മിഷൻ തീരുമാനം അറിയിക്കാതിരുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കോടതി നിർദ്ദേശിച്ചതിനെത്തുടർന്നാണ് വൈഷ്ണയുടെ വാദം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് പുറത്തിറക്കിയത്. പേര് നീക്കംചെയ്ത നഗരസഭ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നടപടി നിയമപരമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി. കെഎസ്‌യു പ്രവർത്തകയായിരുന്ന വൈഷ്ണ നിയമവിദ്യാർത്ഥി കൂടിയാണ്. നിയമപ്പോരാട്ടം നടക്കുന്നതിനിടയിലും സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.