പന്തളം നഗരസഭ യുഡിഎഫിന് വഴിമാറുമോ? എട്ടിടങ്ങളിൽ ലീഡ്, എൽഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പം

Saturday 13 December 2025 10:45 AM IST

പന്തളം: എൽഡിഎഫും എൻഡിഎയും പയറ്റിനോക്കിയ പന്തളം നഗരസഭ ഇത്തവണ യുഡിഎഫിന് വഴി മാറുമോ? പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ യുഡിഎഫ് മുന്നേറുന്നതായാണ് കാണുന്നത്. ലീഡ് നിലകൾ മാറിവരാനുള്ള സാദ്ധ്യതയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട സാമൂഹിക രാഷ്‌ട്രീയ വിവാദങ്ങളാണ് കഴിഞ്ഞ തവണ നഗരസഭയിൽ എൻഡിഎയ്‌ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ഇത്തവണയും ശബരിമല സ്വർണക്കൊള്ള ഉൾപ്പടെയുള്ള വിഷയങ്ങൾ നഗരസഭയിൽ എൽഡിഎഫിന് പ്രതികൂലമാകുമെന്ന് കരുതിയെങ്കിലും അവർ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.

കഴിഞ്ഞ തവണ വൻ വിജയം നേടിയ എൻഡിഎ ഏറ്റവും പിന്നിലാണ്. എട്ടു വാർഡുകളിൽ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫും എൻഡിഎയും ആറു സീറ്റുകളുമായി ഒപ്പത്തിനൊപ്പം നിൽക്കുന്നു.

അതേസമയം, 17 സീറ്റുകൾ നേടി പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് ഭരണം നേടി. എൽഡിഎഫ് 12 സീറ്റുകൾ

നേടിയപ്പോൾ എൻഡിഎയ്‌ക്ക് ഒരു സീറ്റുമാത്രമാണ് നേടാൻ കഴിഞ്ഞത്. കുളനട ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ലീഡ് നേടി.