ട്വന്റി20 ഭരണം കൈവിടുമോ? കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും യുഡിഎഫ് മുന്നേറ്റം
കൊച്ചി: കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള ട്വന്റി 20യുടെ തീവ്രശ്രമങ്ങൾക്ക് തിരിച്ചടിയായി കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും യുഡിഎഫ് മുന്നേറ്റം. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിൽ യുഡിഎഫ് മുന്നിലാണ്. ആകെ ഒരു വാർഡിൽ മാത്രമാണ് എൽഡിഎഫ് മുന്നിലുള്ളത്. കിഴക്കമ്പലത്ത് സ്വതന്ത്രരും ട്വന്റി20യും അടക്കമുള്ളവരാണ് മുന്നിലുള്ളത്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ കിതയ്ക്കുന്നു. ബിജെപി ഇരുപഞ്ചായത്തുകളിലും ചിത്രത്തിൽ പോലുമില്ല.
'കേരള മോഡൽ' ഉയർത്തി തദ്ദേശ സ്ഥാപനങ്ങളാകെ പിടിക്കാൻ എൽഡിഎഫ് നടത്തിയ ശ്രമങ്ങളും വിഫലമാകുന്ന കാഴ്‌ചയാണ് കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും കാണുന്നത്. കോർപ്പറേഷനിലെ 76 ഡിവിഷനുകളിൽ 56 എണ്ണത്തിലാണ് ട്വന്റി 20 മത്സരിക്കുന്നത്. 20 ഇടത്ത് പോരാട്ടത്തിനില്ലെങ്കിലും ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടി.
കൊച്ചിയെ ലോക നിലവാരത്തിലേക്ക് ഉയർത്തും, നഗരത്തെ മാലിന്യമുക്തമാക്കും, കുടിവെള്ള ക്ഷാമം പരിഹരിക്കും, ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തും, വെള്ളക്കെട്ട് ഇല്ലാതാക്കും തുടങ്ങി ആറ് വാഗ്ദാനങ്ങൾ മാത്രം ഉയർത്തിയായിരുന്നു ട്വന്റി20 പ്രകടന പത്രിക പുറത്തിറക്കിയത്.
ഇടത് - വലത് മുന്നണികൾ കോർപ്പറേഷൻ മാറിമാറി ഭരിച്ച് കൊച്ചിയെ പിന്നോട്ടടിച്ചു. കാനപോലും കൃത്യമായി വൃത്തിയാക്കാറില്ല. ഒറ്റമഴയിൽ വെള്ളക്കെട്ടാണ്. പിന്നെ കൊതുക് ശല്യം രൂക്ഷവും. തങ്ങൾക്ക് പ്രകടന പത്രികയായി വലിയ ബുക്കുകളൊന്നുമില്ല. പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നുമായിരുന്നു ട്വന്റി20 പ്രഖ്യാപിച്ചത്. നിലവിൽ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ ട്വന്റി 20 ഭരണമാണ്.