രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാൻ തോറ്റു; പത്തനംതിട്ടയിൽ വിശ്വസ്തന് വിജയം

Saturday 13 December 2025 11:07 AM IST

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഉറ്റസുഹൃത്ത് ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ എൻ ഡി എയാണ് വിജയിച്ചത്. രാഹുൽ പ്രതിയായ രണ്ടാമത്തെ കേസിൽ ഫെനി നൈനാനും ആരോപണവിധേയനായിരുന്നു.

പ്രണയം നടിച്ച് ഹോസ്‌റ്റേയിലെത്തിച്ചെന്നും അവിടെവച്ച് രാഹുൽ പീഡിപ്പിച്ചെന്നുമാണ് ഇരുപത്തിമൂന്നുകാരിയുടെ അരോപണം. ഇതിനെല്ലാം ഒത്താശ ചെയ്തത് ഫെനി നൈനാനാണെന്നും യുവതി ആരോപിച്ചിരുന്നു. ഫെനിയെ സ്ഥാനാർത്ഥിയായി പ്രഖാപിച്ച ശേഷം ഉയർന്ന ഈ ആരോപണം പാർട്ടിയേയും പ്രതിസന്ധിയിലാക്കിയിരുന്നു.

അതേസമയം, പത്തനംതിട്ട ഏറത്ത് പഞ്ചായത്തിൽ രാഹുലിന്റെ വിശ്വസ്ഥനായ റിനോ പി രാജൻ വിജയിച്ചു. ആറാം വാർഡിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ റിനോ മത്സരിച്ചത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചുകഴിഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജില്ലയിൽ ശബരിമല സ്വർണക്കൊള്ളയും രാഹുൽ മാങ്കുട്ടത്തിന്റെ വിഷയവും വികസനവും കാട്ടുപന്നിശല്യവും തെരുവുനായ ശല്യവും വികസന മുരിടിപ്പുമെല്ലാമായിരുന്നു ചർച്ചയായത്.

രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ വിഷയത്തിൽപ്പെട്ട് ഒളിവിൽ കഴിയുന്ന സാഹചര്യവും കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണവുമാണ് എൽ ഡി എഫ് പ്രധാന പ്രചരണായുധമാക്കിയത്. പ്രാദേശിക വിഷയങ്ങളേക്കാൾ ശബരിമല സ്വർണക്കൊള്ളയും വിലക്കയറ്റവും കിഫ്ബിയിൽ നടക്കുന്ന ഇഡി അന്വേഷണവുമെല്ലാമായിരുന്നു യു ഡി എഫിന്റെ പ്രചരണ വിഷയങ്ങൾ.

കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും സംസ്ഥാന സർക്കാരിന്റെ വികലമായ വികസന നയങ്ങളും ഇടതുവലത് മുന്നണികൾ കൈകോർക്കുന്ന ഇന്ത്യാമുന്നണി സഖ്യവുമെല്ലാം ചൂണ്ടികാട്ടിയായിരുന്നു എൻ ഡി എയുടെയും വോട്ടുപിടുത്തം.