തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; വഴിപാടായി പൊന്നിൻകുടം സമർപ്പിച്ചു

Saturday 13 December 2025 11:23 AM IST

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. വഴിപാടായി പൊന്നിൻകുടം ക്ഷേത്രത്തിൽ സമർപ്പിച്ചാണ് നടൻ പ്രാർത്ഥിച്ചത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഴിപാട് സമർപ്പിക്കാനായി ക്ഷേത്രത്തിലെത്തിയത്. ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഇന്നലെയാണ് കേസിൽ കുറ്റവാളികൾക്ക് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറുപേർക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിൻകുടം സമർപ്പിച്ചിരുന്നു. കേരളത്തിലെയും കർണാടകയിലെയും പ്രമുഖ നേതാക്കൾ സ്ഥിരമായി രാജരാജേശ്വര ക്ഷേത്രത്തിൽ തൊഴാൻ എത്താറുണ്ട്.