ആര്‍ ശ്രീലേഖയും വി.വി രാജേഷും ശബരീനാഥനും നഗരസഭയിലേക്ക്, ജയിച്ച് കയറി ഭാവി 'മേയര്‍മാര്‍'

Saturday 13 December 2025 11:37 AM IST

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന തലസ്ഥാന നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടിയേക്കില്ല. ഭരണം ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ബിജെപി മുന്നേറ്റം നടത്തുമ്പോള്‍ തൊട്ട് പിന്നിലുണ്ട് സിപിഎമ്മും കോണ്‍ഗ്രസും. ഒറ്റയ്ക്ക് ഭരണം ഉറപ്പിക്കാന്‍ കഴിയുമോയെന്ന ആശങ്ക തുടരുമ്പോഴും മൂന്ന് മുന്നണികളിലേയും മേയര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇത്തവണ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് കെ.എസ് ശബരീനാഥനെ നഗരസഭയിലേക്ക് മത്സരത്തിന് ഇറക്കിയത്. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരീനാഥന്‍ വിജയിച്ചത്.

മുന്‍ എഡിജിപി ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ചു. ബിജെപിക്ക് ഭരണം കിട്ടിയാല്‍ മേയറാകാനുള്ള സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്നിലാണ് ആര്‍. ശ്രീലേഖ. സിപിഎമ്മിന്റെ യുവ സ്ഥാനാര്‍ത്ഥി അമൃതയേയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ബിജെപിയുടെ മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷും വിജയിച്ചു. മികച്ച ഭൂരിപക്ഷത്തിലാണ് വി.വി രാജേഷിന്റെ വിജയം. നഗരസഭയില്‍ ഇത്തവണ മേയര്‍ പദവിക്ക് വനിതാ സംവരണം ഇല്ലാത്തതിനാല്‍ വിവി രാജേഷിനായിരിക്കും മേയറാകാനുള്ള പ്രഥമ പരിഗണന.

സിപിഎമ്മിലും മേയറാകാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പേട്ടയില്‍ നിന്ന് എസ്.പി ദീപക്, ചാക്കയില്‍ നിന്ന് മുന്‍ മേയര്‍ കെ. ശ്രീകുമാര്‍, വഞ്ചിയൂര്‍ വാര്‍ഡില്‍ നിന്ന് വഞ്ചിയൂര്‍ പി ബാബു എന്നിവരും വിജയിച്ചിരുന്നു. 101 വാര്‍ഡുകളുള്ള നഗരസഭയില്‍ 51 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 11 മണിക്ക് പുറത്ത് വരുന്ന വിവരം അനുസരിച്ച് ബിജെപിക്ക് 36 സീറ്റുകളിലാണ് ലീഡ്. എല്‍ഡിഎഫ് 20 വാര്‍ഡിലും കോണ്‍ഗ്രസ് 16 വാര്‍ഡുകളിലും ലീഡ് ചെയ്യുന്നുണ്ട്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.