കഴിഞ്ഞതവണ മിന്നുംവിജയം നേടി; ഇത്തവണ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചു, കാരാട്ട് ഫൈസലിന് കനത്ത തോൽവി
കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച വിവാദ വ്യവസായി കാരാട്ട് ഫൈസൽ തോറ്റു. യുഡിഎഫിന്റെ പി പി മൊയ്തീൻ കുട്ടിയാണ് 142 വോട്ടിന് വിജയിച്ചത്. കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനിൽ നിന്നാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. അന്ന് ഫൈസലിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടുപോലും കിട്ടിയിരുന്നില്ല. കഴിഞ്ഞ ആറ് തവണ കൊടുവള്ളി നഗരസഭയിലെ കൗൺസിലറായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണ കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ വിവാദമായിരുന്നു. സീറ്റുവിഭജന ചര്‍ച്ചകള്‍ തുടങ്ങുന്നതിനുമുമ്പുതന്നെ ചുണ്ടപ്പുറം ഡിവിഷനില്‍ കാരാട്ട് ഫൈസല്‍ ഇടതുസ്വതന്ത്രനായി മത്സരിക്കുമെന്ന് കാണിച്ച് അനുയായികള്‍ പ്രചാരണം നടത്തിയിരുന്നു. ആ പ്രചാരണത്തെ ശരിവച്ചായിരുന്നു ഫൈസലിനെ എൽഡിഎഫ് സ്വതന്ത്രസ്ഥാനാര്ത്ഥിയായി അന്ന് രംഗത്തിറക്കിയത്.
എന്നാല്‍ സ്വര്‍ണകടത്തുക്കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയ നടപടി വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. തുടര്‍ന്ന് കാരാട്ട് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ച ഫൈസലിനോട് അടുപ്പമുള്ള ഐഎന്‍എല്‍ സംസ്ഥാനസമിതി അംഗം ഒപി അബ്ദുള്‍ റഷീദിനെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാക്കി എല്‍ഡിഎഫ് രംഗത്തിറക്കുകയായിരുന്നു. എന്നാല്‍, നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പത്രികനല്‍കി മത്സരരംഗത്തിറങ്ങിയ കാരാട്ട് ഫൈസല്‍ കഴിഞ്ഞ തവണ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.