'തിരുവനന്തപുരം നഗരസഭ ഭരണം എൻഡിഎ പിടിക്കും, ഞങ്ങൾക്ക് അവസരം തന്ന ജനങ്ങൾക്ക് നന്ദി'; ആർ ശ്രീലേഖ

Saturday 13 December 2025 11:49 AM IST

തിരുവനന്തപുരം: നഗരസഭയിൽ ശാസ്‌തമംഗലം വാർഡിൽ വിജയിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് ശാസ്‌തമംഗലം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. തന്നെ ജയിപ്പിച്ച ജനങ്ങൾക്ക് അവർ നന്ദി പറഞ്ഞു.

'മുമ്പ് ഇതുപോലൊരു ലീഡ് ശാസ്‌തമംഗലം വാർഡിൽ ആർക്കും കിട്ടിയിട്ടില്ലെന്നാണ് അറിവ്. വലിയ സന്തോഷമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണം പിടിക്കും. ജനങ്ങൾക്ക് നന്ദി. ഇപ്പോഴെങ്കിലും ഞങ്ങൾക്ക് ഈ അവസരം തന്നതിന് നന്ദി' - ആർ ശ്രീലേഖ പറഞ്ഞു.

ബിജെപിക്ക് ഭരണം കിട്ടിയാല്‍ മേയറാകാനുള്ള സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്നിലാണ് ആര്‍ ശ്രീലേഖ. സിപിഎമ്മിന്റെ യുവ സ്ഥാനാര്‍ത്ഥി അമൃതയേയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ബിജെപിയുടെ മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ വി വി രാജേഷും വിജയിച്ചു. മികച്ച ഭൂരിപക്ഷത്തിലാണ് വി വി രാജേഷിന്റെ വിജയം. നഗരസഭയില്‍ ഇത്തവണ മേയര്‍ പദവിക്ക് വനിതാ സംവരണം ഇല്ലാത്തതിനാല്‍ വി വി രാജേഷിനായിരിക്കും മേയറാകാനുള്ള പ്രഥമ പരിഗണന.