അന്ന് സീറ്റ് കൊടുക്കാത്തതിന് കോൺഗ്രസിനോട് ഇടഞ്ഞു, എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് കിട്ടിയത് വെറും 113 വോട്ടുകൾ
കോട്ടയം: നഗരസഭയിലെ നാൽപ്പത്തിയെട്ടാം വാർഡായ തിരുനക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലതിക സുഭാഷിന് കനത്ത തോൽവി. അവർ മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാറാണ് വാർഡിൽ ജയിച്ചത്. 703 വോട്ടുകളാണ് അവർ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർത്ഥി നിത്യ രതീഷിന് 279 വോട്ടുകളാണ് ലഭിച്ചത്. വെറും 113 വോട്ടുകളാണ് ലതിക സുഭാഷിന് കിട്ടിയത്.
മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷയാണ് ലതികാ സുഭാഷ്. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതിന്റെ പേരിലാണ് കോൺഗ്രസ് വിട്ടത്. പാർട്ടി നേതാക്കളെ തള്ളിപ്പറയുകയും പരസ്യമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ മാദ്ധ്യമങ്ങളെയും ജനങ്ങളെയും സാക്ഷിയാക്കിയായിരുന്നു ലതികയുടെ തലമുണ്ഡനം ചെയ്യൽ. ഇതിന്റെ പേരിൽ പാർട്ടിയിൽ നിന്നുള്ളവരുടെ അടക്കം അതിരൂക്ഷമായ വിമർശനങ്ങളും കോൺഗ്രസ് നേതൃത്വത്തിന് നേരിടേണ്ടിവന്നിരുന്നു.
ഒടുവിൽ ലതികയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി അന്നത്തെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുകയും ചെയ്‌തു. ലതിക പിന്നീട് എൻസിപിയിൽ ചേർന്നു.
അതേസമയം, മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ എം അഗസ്തിനും തിരഞ്ഞെടുപ്പിൽ തോറ്റു. കട്ടപ്പന നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിൽ ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്.