'പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടി, യുഡിഎഫ് കെട്ടുറപ്പിന്റെ വിജയം'; ആവേശത്തോടെ നേതാക്കൾ

Saturday 13 December 2025 12:31 PM IST

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് ഫലങ്ങളിൽ എൽഡിഎഫിന് കനത്തതിരിച്ചടി നേരിട്ടതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യു‌ഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞു. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന്റെ തെളിവാണ് വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിന് ഇത് ഊർജം നൽകുമെന്നും സുധാകരൻ വ്യക്തമാക്കി.

യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണിതെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു. വളരെ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. യുഡിഎഫ് ജയിച്ചിടത്തെല്ലാം വൻ ഭൂരിപക്ഷത്തിലാണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധം സർക്കാരിനോട് ഉണ്ടെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറ‍ഞ്ഞു.

'കോൺ​ഗ്രസ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണി കക്ഷികളും കൂട്ടായ പരിശ്രമമാണ് നടത്തിയത്. എല്ലാവരും ഒന്നിച്ചിറങ്ങുകയും മികച്ച പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്തു. സഹകരിച്ച ജനങ്ങളോടും മാദ്ധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. കോൺ​ഗ്രസിനെ ജനങ്ങൾ മനസിലാക്കി. എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ആദ്യമേ തന്നെ തുറന്നുകാട്ടി. ഇത് സെമി ഫൈനലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും കോൺ​ഗ്രസ് വലിയ വിജയം ഉറപ്പിക്കും'- സണ്ണി ജോസഫ് പറഞ്ഞു.