അമ്മായിയമ്മയും മരുമകളും 'പോരടിച്ചു'; റിസൽട്ട് വന്നപ്പോൾ രണ്ടുപേരും തോറ്റു

Saturday 13 December 2025 12:49 PM IST

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പള്ളിക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മായിയമ്മയും മരുമകളും നേർക്കുനേർ മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് വാർഡ് ശ്രദ്ധിക്കപ്പെടാൻ കാരണം.

യു ഡി എഫ് സ്ഥാനാർത്ഥിയായി ജാസ്മിൻ എബിയും സ്വതന്ത്ര മത്സരാർത്ഥിയായി അമ്മായിയമ്മ കുഞ്ഞുമോൾ കൊച്ചുപാപ്പിയും പോരടിച്ചു. വോട്ടുതേടി മരുമകൾ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങിയപ്പോൾ ഒറ്റയ്ക്കായിരുന്നു കുഞ്ഞുമോളുടെ പ്രചരണം.

എന്നാൽ ഇരുവർക്കും വിജയിക്കാനായില്ല. എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച സുരഭി സുനിലാണ് വാർഡിൽ വിജയിത്ത്. ബിജെപി സ്ഥാനാർത്ഥി നിരുപമയ്ക്ക് 168 വോട്ട് നേടാനായി. ജാസ്മിന് 167 വോട്ടുകളും കുഞ്ഞുമോൾക്ക് വെറും 17 വോട്ടുകളുമാണ് കിട്ടിയത്.

അമ്മായിയമ്മ - മരുമകൾ പോരല്ല മത്സരത്തിന് കാരണമെന്ന് കുഞ്ഞുമോൾ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. താൻ മത്സരിക്കുന്ന കാര്യം മകനോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ മരുമകൾ മത്സരിക്കുന്ന കാര്യം മകൻ പറഞ്ഞില്ല. നിങ്ങൾ മത്സരിക്കൂ കാണിച്ചുതരാമെന്നുമായിരുന്നു മകൻ പറഞ്ഞതെന്നും കുഞ്ഞുമോൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ജനാധിപത്യമല്ലേ ആർക്കും മത്സരിക്കാമെന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.