ഷാഫിക്ക് മർദനമേറ്റ പേരാമ്പ്രയിൽ യുഡിഎഫിന് അട്ടിമറി ജയം; ഭരണംപിടിച്ചത് 20 വർഷത്തിന് ശേഷം

Saturday 13 December 2025 12:54 PM IST

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ പേരാമ്പ്രയിൽ ഇത്തവണ യുഡിഎഫിന് അട്ടിമറി ജയം. 20 വർഷത്തിന് ശേഷമാണ് പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ആകെയുള്ള 19 വാർഡുകളിലേക്കായിരുന്നു മത്സരം. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ എംഎൽഎയുടെ നിയമസഭാ മണ്ഡലം കൂടിയാണ് പേരാമ്പ്ര.

2000 - 2005 കാലത്ത് കോൺഗ്രസിലെ ആലീസ് മാത്യു പ്രസിഡന്റായ ഭരണസമിതിയാണ് യുഡിഎഫിന്റേതായി അധികാരത്തിലെത്തിയ ഏക ഭരണസമിതി. കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന പേരാമ്പ്ര പഞ്ചായത്തിൽ ഒമ്പത് സീറ്റിന്റെ ഭൂരിപക്ഷത്തോടെയാണ് സിപിഎമ്മിലെ വി കെ പ്രമോദ് പ്രസിഡന്റായത്. അന്ന് 14 സീറ്റ് എൽഡിഎഫും അഞ്ച് സീറ്റ് യുഡിഎഫിനുമാണ് ലഭിച്ചത്. അതിന് തൊട്ടുമുമ്പത്തെ ഭരണസമിതിയിൽ കല്ലോട് മേഖലയിൽ നിന്ന് ബിജെപിക്ക് ഒരു സീറ്റ് നേടാൻ കഴിഞ്ഞിരുന്നു.