പ്രമുഖരുടെ കോട്ടകൾ പൊളിഞ്ഞു; സിപിഎം മന്ത്രിമാരുടെ മണ്ഡലങ്ങളിൽ പാർട്ടിക്ക് പരാജയം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രമുഖരുടെ കോട്ടയിൽ വൻ തിരിച്ചടി നേരിട്ട് മുന്നണികൾ. മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ എൽഡിഎഫിന് നേടാനായത് മൂന്നാം സ്ഥാനം മാത്രം. മന്ത്രി വി എൻ വാസവന്റെ മണ്ഡലത്തിൽ യുഡിഎഫ് ജയിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എ പത്മകുമാറിന്റെ വാർഡിൽ ബിജെപി ജയിച്ചു.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎയുടെ പഞ്ചായത്തിൽ എൻഡിഎ ഭരണം പിടിച്ചെടുത്തു. പി വി അൻവറിന്റെ പഞ്ചായത്തിൽ യുഡിഎഫിന് വിജയം. വടക്കൻ പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർഡിൽ ജയം എൽഡിഎഫിന്. ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഎം നേതാവും മുൻമന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ വാർഡിലും എൽഡിഎഫിന് വിജയം കൊയ്യാനായില്ല.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നതോടെ കേരളത്തെ ഞെട്ടിച്ചുകൊണ്ട് യുഡിഎഫ് തരംഗം തീർക്കുകയാണ്. ഗ്രാമപഞ്ചായത്ത് അടക്കമുള്ള എല്ലായിടത്തും യുഡിഎഫ് മുന്നേറുന്നു. ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറുന്നു. 2010ന് ശേഷം ആദ്യമായാണ് യുഡിഎഫ് ഇങ്ങനെയൊരു ചരിത്ര മുന്നേറ്റം നേടിയെടുക്കുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാനുള്ള സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്.