'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്ക് വോട്ടില്ല'; സിപിഎമ്മിന്റെ അടിത്തറയിളക്കിയത് സ്വര്‍ണ കൊള്ളയും ഭരണവിരുദ്ധ വികാരവും
തിരുവനന്തപുരം: പിണറായി 3.0 എന്ന സിപിഎമ്മിന്റെ ആത്മവിശ്വാസത്തിന് മേല്‍ ഏറ്റ കനത്ത പ്രഹരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. പൊതുവേ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇടതിന് അനുകൂലമായി ചിന്തിക്കുന്ന കേരളത്തിലെ വോട്ടര്‍മാര്‍ ഇങ്ങനെ കൈവിടുമെന്ന് സിപിഎം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. പത്ത് വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയമായി കോണ്‍ഗ്രസിന് മേല്‍ നടത്തിയ കടന്നാക്രമണവും വോട്ടായില്ലെന്ന് ഫലത്തില്‍ വ്യക്തം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരെയുണ്ടായി ലൈംഗിക ആരോപണങ്ങളും കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോരും ജനങ്ങള്‍ക്ക് മുന്നില്‍ സിപിഎം ചര്‍ച്ചയാക്കി. എന്നാല്‍ ശബരിമലയിലെ സ്വര്‍ണ കൊള്ളയെ മറയ്ക്കാനുള്ള സിപിഎം നീക്കമാണ് ഇതെന്ന കോണ്‍ഗ്രസ് പ്രചാരണം ജനം കൃത്യമായി ഏറ്റെടുക്കുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ശബരിമല യുവതീ പ്രവേശന കാലത്തിന് സമാനമായ വികാരമാണ് ജനങ്ങള്‍ക്ക് ശബരിമലയിലെ സ്വര്‍ണ കൊള്ളയിലും ഉണ്ടായിരുന്നത്.
ശബരിമലയെന്നത് ജാതി മത വ്യത്യാസമില്ലാതെയുള്ള കേരളത്തിന്റെ പൊതുവികാരമാണെന്ന കോണ്‍ഗ്രസ് - ബിജെപി പ്രചാരണവും സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കി. ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും ഉള്‍പ്പെടെ സിപിഎം പിന്നോക്കം പോയതിന് ഏറ്റവും വലിയ കാരണവും സ്വര്‍ണ കൊള്ളയാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അഴിക്കുള്ളിലായത് സിപിഎമ്മിന് കൃത്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.
അടിസ്ഥാന വര്‍ഗത്തിന്റെ ഉള്‍പ്പെടെ വോട്ടുകള്‍ ചോര്‍ന്നുവെന്ന് വേണം ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിട്ടതില്‍ നിന്ന് മനസ്സിലാക്കാന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം സിപിഎം കൃത്യമായി ഉയര്‍ത്തിക്കൊണ്ടുവന്നുവെങ്കിലും രാഹുലിനെ പുറത്താക്കിയുള്ള കോണ്‍ഗ്രസ് തീരുമാനവും അതിനോടൊപ്പം കോടതിയില്‍ നിന്ന് എംഎല്‍എക്ക് അനുകൂലമായി മുന്‍കൂര്‍ ജാമ്യം ലഭിച്ചതും സിപിഎമ്മിന് തിരിച്ചടിയായി.
വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് ചോദിച്ചും, ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുകയും വിതരണം ചെയ്യുകയും ചെയ്തുവെങ്കിലും അതൊന്നും ശബരിമലയെന്ന വികാരത്തെ മറികടക്കാന്‍ പോന്നത് ആയിരുന്നില്ല. ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം ആവര്‍ത്തിച്ച് പറയുമ്പോഴും ഒരു വികസന പ്രവര്‍ത്തനവും ശബരിമലയെന്ന വികാരത്തിന് മുകളിലല്ലെന്ന തിരിച്ചറിവാണ് സിപിഎമ്മിന് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. മറുവശത്ത് കോണ്‍ഗ്രസിനാകട്ടെ അഞ്ച് മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് ജനവിധി.