ചരിത്രം തിരുത്തി തൃപ്പൂണിത്തുറ; ഭരണം പിടിച്ച് എൻഡിഎ

Saturday 13 December 2025 1:40 PM IST

കൊച്ചി: പാലക്കാട് നഗരസഭയ്‌ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും എൻഡിഎ ഭരണം പിടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപി ഭരണം പിടിക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. കാലങ്ങളായി എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുന്ന നഗരസഭയാണിത്.

21 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ 20 സീറ്റുകളാണ് ഇത്തവണ എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി. എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്. നിലവിൽ എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്.

പാലക്കാട് നഗരസഭയിലും ബിജെപി ഭരണം നിലനിര്‍ത്തിയിരുന്നു. എൻഡിഎ 25 സീറ്റിലും യുഡിഎഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. പാലക്കാട് നഗരസഭയിൽ 25 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. തിരുവനന്തപുരം കോ‌ർപ്പറേഷനിലും എൻഡിഎ ഭരണം പിടിച്ചു.