പന്തളം നഗരസഭയിൽ തിരിച്ചു വരവ് നടത്തി എൽഡിഎഫ്; 14 സീറ്റുകൾ നേടി, തകർന്നടിഞ്ഞ് എൻഡിഎ

Saturday 13 December 2025 1:45 PM IST

പന്തളം: 14 സീറ്റുകളുടെ ലീഡോടെ പന്തളം നഗരസഭയിൽ തിരിച്ചുവരവ് നടത്തി എൽഡിഎഫ്. യുഡിഎഫ് 11 സീറ്റുകൾ നേടി. 2020ലെ ഇലക്ഷനിൽ 18 സീറ്റുകൾ നേടിയ എൻഡിഎ ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി. ശബരിമല വിവാദങ്ങൾ ഇത്തവണയും മറ്റ് മുന്നണികൾ എൽഡിഎഫിനെതിരെയുള്ള പ്രചരണായുധമാക്കിയെങ്കിലും നഗരസഭയിൽ അത് ഫലം കണ്ടില്ലെന്ന് വ്യക്തം. ആദ്യ ഫലസൂചനകളിൽ യുഡിഎഫ് ഭരണം നേടുമെന്ന് കരുതിയെങ്കിലും അവസാന നിമിഷത്തിൽ അത് മാറിമറിയുകയായിരുന്നു. നഗരസഭ രൂപം കൊണ്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് എൽഡിഎഫ് ലീഡ് നേടുന്നത്. 2015ലെ തിരഞ്ഞെടുപ്പിൽ ഭരണം നേടിയ എൽഡിഎഫിന് കഴിഞ്ഞ തവണ തിരിച്ചടിയായത് ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സാമൂഹിക രാഷ്‌ട്രീയ വിവാദങ്ങളായിരുന്നു.