'കമ്മ്യൂണിസ്റ്റ് മൂല്യമുള്ള ജനത പിണറായിയെ ആട്ടിയിറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ വലിയ നേട്ടം'

Saturday 13 December 2025 2:08 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റ കനത്ത തിരിച്ചടിയിൽ പരിഹാസവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ രംഗത്ത്. കമ്മ്യൂണിസ്റ്റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടമെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. വിജയം സൂഷ്മതയോടെ കൈകാര്യം ചെയ്തു മുന്നേറാൻ യുഡിഎഫിന്റെ പോരാളികൾക്ക് കഴിയട്ടെ. എല്ലാ വിധ ആശംസകളും നേരുന്നെന്നും അദ്ദേഹം കുറിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് വലിയ ആധിപത്യം നേടി. കോർപ്പറേഷനുകളിൽ കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് ആശ്വാസമായത്. എന്നാൽ ഇവിടെ വലിയ തോതിൽ സീറ്റുകൾ നഷ്ടമായിട്ടുണ്ട്. തിരുവനന്തപുരത്ത് എൻഡിഎ ഭരണമുറപ്പിച്ചു.

അഖിൽ മാരാറിന്റെ കുറിപ്പ് ഇങ്ങനെ സ്വർണ്ണം കട്ടവനാരപ്പാ.... സഖാക്കളാണെ അയ്യപ്പാ... ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും... കമ്മ്യൂണിസ്റ്റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം.. വിജയം സൂഷ്മതയോടെ കൈകാര്യം ചെയ്തു മുന്നേറാൻ യുഡിഎഫിന്റെ പോരാളികൾക്ക് കഴിയട്ടെ എല്ലാ വിധ ആശംസകളും.