'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യും'

Saturday 13 December 2025 2:27 PM IST

തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 'ജനം പ്രബുദ്ധരാണ്. എത്ര ബഹളം വച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യും' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ലൈംഗികാരോപണക്കേസുകളിൽ പ്രതിയായതോടെ ഒളിവിൽപ്പോയ രാഹുൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച തിരഞ്ഞെടുപ്പിന് വോട്ടുചെയ്യാനാണ് പുറത്തുവന്നത്. ആദ്യത്തെ ലൈംഗികാരോപണക്കേസിൽ അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തതിനെത്തുടർന്നാണ് പാലക്കാട്ടെത്തി വോട്ടുചെയ്തത്.

തനിക്കെതിരായ കേസുകളെക്കുറിച്ച് കാര്യമായ പ്രതികരണത്തിനും അന്ന് രാഹുൽ തയ്യാറായില്ല. കേസ് കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം ജയിക്കുമെന്നും മാത്രമായിരുന്നു രാഹുൽ പറഞ്ഞത്. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് പറഞ്ഞ രാഹുൽ ഇനി പാലക്കാട്ടുതന്നെ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഒളിവിൽ പോകില്ല. ഇനി അങ്ങോട്ട് പാലക്കാട്ടുതന്നെ തുടരും, അതിൽ തർക്കമില്ല എന്നാണ് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്.