അപ്രതീക്ഷിത  തിരിച്ചടി; വിശദമായ  പരിശോധന  നടത്തി   തിരുത്തലുകൾ  വരുത്തുമെന്ന് എം വി ഗോവിന്ദൻ

Saturday 13 December 2025 4:09 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തും. തിരിച്ചടികളെ അതിജീവിച്ച അനുഭവം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കി.

'ഏഴ് ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം ലഭിച്ചു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആറിടത്ത് മാത്രമായിരുന്നു എൽഡിഎഫിന് ഭരണം ലഭിച്ചത്. ബ്ളോക്ക് പഞ്ചായത്ത് നില പരിശോധിച്ചാൽ 59 ഇടത്ത് ആയിരുന്നു അന്ന് വിജയിച്ചത്. ഇന്ന് 27 ഇടത്തും.

എൽഡിഎഫിന്റെ അടിത്തറ തകർന്നിരിക്കുന്നുവെന്ന പ്രചാരണം ചിലർ നടത്തുന്നുണ്ട്. പകുതി ജില്ലാപഞ്ചായത്തുകളിൽ ജയിക്കാൻ സാധിച്ചുവെന്നത് പ്രധാനമാണ്. എൽ‌ഡിഎഫിന്റെ അടിത്തറയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വർഗീയ ശക്തികളുമായി ചേർന്നാണ് യുഡിഎഫ് മത്സരിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് വോട്ടുകൾ ബിജെപിക്കും തിരിച്ചും കൈമാറി. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി നല്ല യോജിപ്പോടുകൂടിയാണ് യുഡിഎഫ് മത്സരിച്ചത്.

തിരുവനന്തപുരം കോർപ്പറേഷൻ ജയിക്കാനായി എന്നതൊഴിച്ചാൽ ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാനായില്ല. ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രദേശം ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് വിജയിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വിജയമാണ് എൽഡിഎഫിന് ലഭിച്ചത്. സമാനതകളിലാത്ത നേട്ടങ്ങളാണ് സംസ്ഥാന സർക്കാർ കേരളത്തിന് നൽകിയത്. എന്നാൽ ഈ നേട്ടങ്ങൾ എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നതും പരിശോധിക്കേണ്ടതുണ്ട്. സംഘടനാപരമായ കാര്യങ്ങളും പോരായ്മകൾ സംഭവിച്ചോ എന്നതും വിശദമായി പരിശോധിക്കും. ജനങ്ങളിലേയ്ക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപാടുകളും ചിന്തകളും മനസിലാക്കും '- എം വി ഗോവിന്ദൻ വ്യക്തമാക്കി.