ഗണേശനും അടിപതറി, പത്തനാപുരത്ത് എൽഡിഎഫിന് നാണംകെട്ട തോൽവി
കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന്റെ മണ്ഡലമായ കൊല്ലം പത്തനാപുരത്ത് എൽഡിഎഫിന് കനത്ത തിരിച്ചടി. പത്തനാപുരം പഞ്ചായത്തിലും ബ്ളോക്കിലും എൽഡിഎഫിനെ വീഴ്‌ത്തി യുഡിഎഫ് വൻ വിജയം നേടിയിരിക്കുകയാണ്.
പത്തനാപുരം ബ്ളോക്ക് പഞ്ചായത്തിലെ 14 വാർഡുകളിൽ 10 വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു. ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളിൽ പത്ത് വാർഡുകളിലാണ് യുഡിഎഫ് വിജയം കൊയ്തത്. ഏഴ് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി, സ്വതന്ത്രൻ എന്നിവരാണ് മറ്റ് മൂന്ന് സീറ്റുകളിൽ വിജയിച്ചത്. നിലവിൽ എൽഡിഎഫിന്റെ ഭരണത്തിലായിരുന്നു പത്തനാപുരം ബ്ളാക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും.
കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി 25 വർഷം പിന്നിട്ടപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് മന്ത്രിയുടെ മണ്ഡലത്തിൽ എൽഡിഎഫ് പരാജയം ഏറ്റുവാങ്ങുന്നത്. അടുത്തകാലത്തൊന്നും ഇത്ര വലിയ മുന്നേറ്റം യുഡിഎഫ് കൊല്ലം കോർപ്പറേഷനിൽ നടത്തിയിട്ടില്ല. മേയറും മുൻ മേയറും അടക്കം മത്സരത്തിൽ വീണു.
2000ൽ പിറവിയെടുത്ത കൊല്ലം കോർപ്പറേഷനിൽ ഭരണം എപ്പോഴും കൈപ്പിടിയിലൊതുക്കിയ ചരിത്രമായിരുന്നു എൽഡിഎഫിന്. മുനിസിപ്പൽ നഗരമായിരുന്ന കൊല്ലം 2000 ൽ കോർപ്പറേഷൻ നഗരമായപ്പോൾ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും 23 സീറ്റുകൾ വീതം ലഭിച്ചിരുന്നു. വിമതരായി മത്സരിച്ച് ജയിച്ച രണ്ട് കോൺഗ്രസുകാരെ ഒപ്പം കൂട്ടിയാണ് ഇടതുമുന്നണി ഭരണം പിടിച്ചെടുത്തത്. അതിനു ശേഷം ഇന്നുവരെ ഇടതുമുന്നണിയുടെ ഭരണമാണ് തുടർന്നിരുന്നത്.