മെസിയെ ആരാധകർക്ക് കാണാൻ അവസരം ഒരുക്കിയില്ല; പരിപാടിയുടെ സംഘാടകൻ സതാന്ദ്രു ദത്തയെ അറസ്റ്റുചെയ്ത് പൊലീസ്
കൊൽക്കത്ത: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ 'ഗോട്ട് ടൂർ ഇന്ത്യ'യുടെ ഭാഗമായി കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ വൻ സംഘർഷമാണ് അരങ്ങേറിയത്. ഇതിഹാസ താരത്തെ ഒരുനോക്ക് കാണാൻ കഴിയാത്തതിനെ തുടർന്ന് രോഷാകുലരായ ആരാധകർ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. അതേസമയം സംഭവത്തിൽ ഇവന്റിന്റെ മുഖ്യ സംഘാടകൻ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റു ചെയ്തു. പരിപാടിയുടെ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. ടിക്കറ്റിന്റെ പണം തിരികെ നൽകാൻ സംഘാടകർ സമ്മതിച്ചിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുന്നത് നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
5,000 മുതൽ 25,000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത് എത്തിയ ആരാധകർക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിഐപി അതിഥികളുടെയും ബാഹുല്യം കാരണം താരത്തെ ശരിയായി കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ നിരാശരായ ആരാധകർ ഇരിപ്പിടങ്ങളും കുപ്പികളും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതോടെ സ്റ്റേഡിയത്തിൽ വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് രാവിലെ 11.15നാണ് കൊൽക്കത്തയിലുള്ള യുവഭാരതി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസി എത്തിയത്. വെറും 20 മിനിട്ടാണ് മെസി സ്റ്റേഡിയത്തിൽ സമയം ചെലവഴിച്ചത്.
സംഘർഷം രൂക്ഷമായതോടെ സ്റ്റേഡിയം പൂർണ്ണമായും ചുറ്റിക്കാണാൻ നിശ്ചയിച്ചിരുന്ന മെസിയെ സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ പുറത്തേക്ക് മാറ്റുകയായിരുന്നു. പരിപാടിയുടെ മോശം നടത്തിപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിരമിച്ച ജസ്റ്റിസ് അസിം കുമാർ റേയുടെ അദ്ധ്യക്ഷതയിൽ അന്വേഷണ സമിതിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിനിടെ കൊൽക്കത്തയിൽ നിന്ന് മെസിയുടെ അടുത്ത സന്ദർശന കേന്ദ്രമായ ഹൈദരാബാദിലേക്ക് അദ്ദേഹം എത്തിയതായാണ് റിപ്പോർട്ടുകൾ.
ആരാധകരുടെ രോഷം വർദ്ധിച്ചതോടെ സ്റ്റേഡിയത്തിൽ അക്രമം അഴിച്ചുവിട്ടവർക്ക് നേരെ പൊലീസ് ലാത്തി വീശുകയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിക്കുകയും ചെയ്തു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മെസിയെ പൊതിഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരാധകർ ആരോപിച്ചു.