രാജിവച്ച ജീവനക്കാരന് പെൻഷന് അർഹതയില്ല
ന്യൂഡൽഹി: സർവീസിൽ നിന്ന് രാജിവയ്ക്കുന്ന ജീവനക്കാരന്റെ മുൻകാല സേവനങ്ങൾ പരിഗണിക്കാനാകില്ലെന്നും പെൻഷൻ അവകാശപ്പെടാൻ യോഗ്യതയില്ലെന്നും സുപ്രീംകോടതി. രാജിയും സ്വയം വിരമിക്കലും രണ്ടാണെന്നും ജസ്റ്റിസുമാരായ രാജേഷ് ബിൻഡാലും മൻമോഹനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ 30 വർഷത്തെ സേവനത്തിനുശേഷം രാജിവച്ച ജീവനക്കാരന്റെ കേസിലാണിത്. ജീവനക്കാരൻ മരിച്ചശേഷം ആശ്രിതരാണ് പെൻഷൻ ആനുകൂല്യങ്ങൾക്കായി കോടതിയെ സമീപിച്ചത്. സർവീസിൽ നിന്നുള്ള രാജിക്കത്ത് സ്വമേധയാ ഉള്ള വിരമിക്കൽ ആയി കണക്കാക്കണമെന്നും പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നും ആശ്രിതർ വാദിച്ചു. രാജിയും സ്വമേധയാ വിരമിക്കലും വ്യത്യസ്‌തമാണെന്ന് കോടതി കണ്ടെത്തി. സ്വയം വിരമിക്കലിന് ജീവനക്കാരൻ കുറഞ്ഞത് മൂന്ന് മാസത്തെ മുൻകൂർ നോട്ടീസ് നൽകേണ്ടതുണ്ട്. അതില്ലാത്ത രാജി പെൻഷൻ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തും.
30 വർഷം ജോലി ചെയ്‌തതിനാൽ പെൻഷന് അർഹതയുണ്ടെന്ന വാദവും കോടതി തള്ളി. രാജിവച്ചതിനാൽ റൂൾ 48-എ പ്രകാരം പെൻഷൻ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ല. ജീവനക്കാരന് പ്രൊവിഡന്റ് ഫണ്ട് ഒഴികെ പെൻഷൻ, ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെന്റ് തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ അപ്പീലാണ് സുപ്രീംകോടതിയിൽ വന്നത്. പെൻഷൻ തടഞ്ഞെങ്കിലും ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെന്റ് ആനുകൂല്യങ്ങൾ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു.
മാതാവിന്റെ ജാതി നോക്കി സർട്ടിഫിക്കറ്റ്
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിദ്യാഭ്യാസം സുഗമമാക്കാൻ ഗോത്ര വിഭാഗത്തിൽപ്പെട്ട അമ്മയുടെ ജാതി അടിസ്ഥാനമാക്കി പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് സുപ്രീം കോടതി. മാറുന്ന കാലത്ത് അമ്മയുടെ ജാതി നോക്കിയും സർട്ടിഫിക്കറ്റ് നൽകാൻ കഴിയണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പെൺകുട്ടിയുടെ പുതുച്ചേരി സ്വദേശിയായ അമ്മ ദളിത് വിഭാഗമായ ആര്യദ്രാവിഡ ജാതിക്കാരിയാണെങ്കിലും പിതാവ് ഉയർന്ന ജാതിക്കാരനാണ്. അമ്മ വളർത്തിയ പെൺകുട്ടിക്ക് വിദ്യാഭ്യാസ സൗകര്യത്തിനായി പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാർ അപ്പീലിലാണ് സുപ്രീംകോടതിയുടെ തീർപ്പ്.
ഭാര്യ ഗോത്രവർഗക്കാരിയാണെങ്കിലും മുന്നാക്ക ജാതിയിൽപ്പെട്ട ഭർത്താവിന്റെ ജാതിയാണ് സാധാരണ കണക്കാക്കുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിവാഹത്തിലെ കുട്ടികളെ പട്ടിക വിഭാഗത്തിൽപ്പെട്ട അമ്മയാണ് വളർത്തിയതെന്ന തെളിവ് കോടതിക്ക് സ്വീകരിക്കാം. ഭർത്താവ് മുന്നാക്ക ജാതിക്കാരനാണെങ്കിലും അമ്മ ഉൾപ്പെട്ട സമൂഹത്തിലെ മറ്റേതൊരു അംഗത്തെയും പോലെ കുട്ടികൾ ഇല്ലായ്മകളും അപമാനങ്ങളും അനുഭവിച്ചു. സമൂഹം കുട്ടികളെ അമ്മ ഉൾപ്പെട്ട സമൂഹത്തിലെ അംഗമായി കണക്കാക്കിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.