പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

Saturday 13 December 2025 10:41 PM IST

തിരുവനന്തപുരം ∙ പ്രമുഖ മാദ്ധ്യമ പ്രവർത്തകനും മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റുമായ ജി. വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യുട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി).

മെഡിക്കൽ കോളേജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. മികച്ച റിപ്പോർട്ടിംഗിനും അന്വേഷണാത്മക വാർത്തകൾക്കും സംസ്ഥാന സർക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബയ് പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്കാരങ്ങൾ നേടി. മികച്ച പത്രപ്രവർത്തകനുള്ള മലയാള മനോരമയുടെ 2005ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും കരസ്ഥമാക്കി. രാഷ്ട്രദീപികയിൽ മാദ്ധ്യമപ്രവർത്തനം ആരംഭിച്ച വിനോദ് 2002ലാണു മനോരമയിൽ ചേർന്നത്. അന്നു മുതൽ തിരുവനന്തപുരം ബ്യൂറോയിലാണ് ജോലി ചെയ്തിരുന്നത്. ചെമ്പഴന്തി എസ്എൻ കോളജിൽ യൂണിയൻ ചെയർമാനായിരുന്നു.