ആഹ്ലാദ പ്രകടനത്തിന് നേരെ ആക്രമണം

Sunday 14 December 2025 12:32 AM IST

കടയ്ക്കൽ: വിജയാഹ്ലാദം നടത്തിയ ബി.ജെ.പി സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും നേരെ സി.പി.എം ആക്രമണം. വടക്കേവയൽ വാർഡിൽ വിജയിച്ച അനുപമയ്ക്കും പ്രവർത്തകർക്കുമെതിരെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച വൈകിട്ട് അരിനിരത്തുംപാറയ്ക്ക് സമീപമായിരുന്നു സംഭവം. സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ പ്രകടനം തടയുകയും കൊടികൾ നശിപ്പിക്കുകയും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു. പൊലീസ് എത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു. കുറ്റിക്കാട് വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി അനൂപിന്റെ വീടിന് നേരെ സി.പി.എം ആക്രമണം നടത്തിയതായി ബി.ജെ.പി ആരോപിച്ചു. കുറ്റിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വീടിന് പിന്നിൽ സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് സംഭവ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.