നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ, ആവേശത്തിൽ അണികൾ

Sunday 14 December 2025 12:41 AM IST

കൊല്ലം: കൊല്ലം കോർപ്പറേഷന്റെ വോട്ടെണ്ണൽ കേന്ദ്രമായ തേവള്ളി ബോയ്സ് മോഡൽ എച്ച്.എസ്.എസിലായിരുന്നു ഏവരുടെയും കണ്ണ്. വിജയം ഉറപ്പെന്ന വിശ്വാസത്തിലാണ് രാവിലെ മുതൽ എൽ.ഡി.എഫ് പ്രവർത്തകർ ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയത്. എന്നാൽ ആദ്യ ഫലസൂചനയിൽ തന്നെ യു.ഡി.എഫിന് വ്യക്തമായ ലീഡ് ലഭിച്ചു.

ഓരോ വിജയ പ്രഖ്യാപനങ്ങളുണ്ടാകുമ്പോഴും പ്രവർത്തകർ ഓടിയെത്തി സ്ഥാനാർത്ഥിയെ എടുത്തുയർത്തിയും കെട്ടിപ്പിടിച്ചും ആഹ്ലാദം പ്രകടിപ്പിച്ചു. രണ്ടാം ഡിവിഷനായ ശക്തികുളങ്ങരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി ഷിജി വിജയിച്ചെന്ന അനൗൺസ്മെന്റ് കേട്ടതോടെ എൻ.ഡി.എ അണികളിൽ സന്തോഷത്തിന്റെ താമര വിരിഞ്ഞു. മീനത്തുംചേരി, കാവനാട് ഡിവിഷനുകളുടെ ഫലം വന്നപ്പോൾ യു.ഡി.എഫ് പ്രവർത്തകർ കൂടുതൽ ആവേശഭരിതരായി. 10.25 ഓടെ വടക്കുംഭാഗം ഡിവിഷന്റെ ഫലമെത്തി. നിലവിലെ മേയർ ഹണിയെ 355 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് യു.ഡി.എഫിന്റെ കുരുവിള ജോസഫ് ഡിവിഷൻ പിടിച്ചെടുത്തു.

ആശ്രാമം, ഉളിയക്കോവിൽ, ഉളിയക്കോവിൽ ഈസ്റ്റ്, കടപ്പാക്കട ഡിവിഷനുകളിൽ എൻ.ഡി.എ വിജയമുറപ്പിച്ചു. ഇതോടെ അന്തരീക്ഷം ഉദ്യോഗഭരിതമായി. മറ്റ് ഡിവിഷനുകളിൽ യു.ഡി.എഫ് ലീഡ് തുടർന്നതോടെ ട്രെൻഡ് മാറുന്നത് മനസിലാക്കി എൽ.ഡി.എഫ് പ്രവത്തകർ കൊഴിഞ്ഞുതുറഞ്ഞു.

മുൻമേയർ അഡ്വ. വി.രാജേന്ദ്രബാബുവിനെ തോൽപ്പിച്ചാണ് ടി.ആർ.അഭിലാഷ് ഉളിയക്കോവിൽ ഈസ്റ്റിൽ വിജയിച്ചത്. യു.ഡി.എഫ് മുന്നേറ്റമറിഞ്ഞ് കൂടുതൽ പ്രവർത്തകർ നഗരത്തിലേക്കെത്തി. ചാത്തിനാംകുളത്ത് സീറ്റ് ഉറപ്പിച്ചതോടെ എസ്.ഡി.പി.ഐയും തങ്ങൾക്ക് കൂടുതൽ സീറ്റ് ലഭിക്കുമെന്ന വിശ്വാസത്തിൽ ബി.ജെ.പി പ്രവർത്തകരും ആവേശത്തിലായി. ഉച്ചയ്ക്ക് ഒന്നോടെ താമരക്കുളം വാർഡിലെ വോട്ടെണ്ണൽ ആരംഭിച്ചു. അപ്പോഴേക്കും കൂടുതൽ സീറ്റുകളിൽ യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചിരുന്നു.1.20 ഓടെ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി എ.കെ.ഹഫീസ് 109 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോർപ്പറേഷനിൽ വിജയം ഉറപ്പായതോടെ യു.ഡി.എഫ് പ്രവർത്തകർ ആവേശത്തിലായി. വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥാനാർത്ഥികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കൊല്ലം കോർപ്പറേഷൻ ഭരണം തിരികെപ്പിടിച്ച ആഹ്ലാദത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.