കൈക്കുമ്പിളിൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആധിപത്യം
തിരുവനന്തപുരം: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ശേഷിക്കേ, ഇടതുകോട്ടകൾ നിലംപരിശാക്കി തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തേരോട്ടം. കോർപ്പറേഷനുകൾ മുതൽ ഗ്രാമപഞ്ചായത്തുകൾ വരെയുള്ള 1,200 തദ്ദേശസ്ഥാപനങ്ങളിലെ 23,611 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പകുതിയോളം വാർഡുകളും യു.ഡി.എഫ് സ്വന്തമാക്കി. മലപ്പുറം ജില്ലയിൽ സർവാധിപത്യം. ഇവിടെ നാലു പഞ്ചായത്തിലും ഒരു ബ്ളോക്കിലും രണ്ടു മുനിസിപ്പാലിറ്റിയിലുമായി എൽ.ഡി.എഫ് ഒതുങ്ങി.
2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റത്തിന് സമാനമായതിനാൽ, സംസ്ഥാന ഭരണം യു.ഡി.എഫ് കൈകളിലേക്ക് വീണ്ടുമെത്തുമെന്ന വികാരം ശക്തമായി. ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നാണ് വിലയിരുത്തൽ. ഒരു ജില്ലയിൽ പോലും ആധിപത്യം പുലർത്താനാകാത്തത് എൽ.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.
നാല്പത്തിയഞ്ചു വർഷത്തോളം കുത്തകയാക്കിവച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഭരണംആദ്യമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ പിടിച്ചെടുത്തത് എൽ.ഡി.എഫിനും സി.പി.എമ്മിനും മാരക പ്രഹരമായി.