റിവെഞ്ചെടുത്ത് വൈഷ്ണ

Sunday 14 December 2025 1:44 AM IST

തിരുവനന്തപുരം: വോട്ട് വെട്ടിമാറ്റാനുള്ള ശ്രമങ്ങൾ അതിജീവിച്ച് മുട്ടട പിടിച്ചെടുത്ത് വൈഷ്ണ സുരേഷിന്റെ മധുരപ്രതികാരം. സന്തോഷമുണ്ടെന്നും ജനങ്ങളുടെ അംഗീകാരമാണിതെന്നും ഇടതുമുന്നണിക്കെതിരെ മികച്ച വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് പ്രതികരിച്ചു. 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈഷ്ണ വിജയിച്ചത്. അംശു വാമദേവനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. വൈഷ്ണയുടെ പേര് സി.പി.എം പ്രവർത്തകന്റെ പരാതിയിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് തിരഞ്ഞെടുപ്പിലെ താരമായി മാറിയത്. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം തന്നെ അനിശ്ചിതത്വത്തിലായിരുന്നു. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടി വോട്ട് പുനഃസ്ഥാപിച്ചു നേടിയ വൈഷ്ണ ഇടതു കോട്ടയായ മുട്ടട പിടിച്ചെടുത്താണു പകരം വീട്ടിയത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റാണ് 25 കാരിയായ വൈഷ്ണ സുരേഷ്.