പാലായിൽ പുളിക്കകണ്ടം ഫാമിലിക്ക് മിന്നും ജയം
പാലാ: പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിന് ജയം. പുളിക്കകണ്ടത്തിലെ അഡ്വ. ബിനുവും, ചേട്ടൻ ബിജുവും, ബിനുവിന്റെ മകൾ ദിയയും ഉജ്ജ്വല വിജയം നേടിയതോടെ നഗരസഭ ആര് ഭരിക്കണമെന്ന് ഇവർ തീരുമാനിക്കും. സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് ഇവർ മത്സരിച്ചത്. എൽ.ഡി.എഫിന് ഒരു സ്വതന്ത്ര ഉൾപ്പെടെ 12 സീറ്റ്. യു.ഡി.എഫിന് 10. പുളിക്കകണ്ടം കുടുംബത്തിൽപെട്ടവരെ കൂടാതെ ഒരു സ്വതന്ത്രസ്ഥാനാർത്ഥി കൂടി ജയിച്ചിട്ടുണ്ട്. പുളിക്കകണ്ടത്തിലെ മൂന്നുപേരുടെ പിന്തുണ ഉറപ്പാക്കിയാൽ നഗരസഭ യു.ഡി.എഫിന് ഭരിക്കാനാകും.
ഈ മൂന്ന് വാർഡുകളിലും യു.ഡി.എഫിന് സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല. ബിനു കോൺഗ്രസ് നേതാവായാണ് ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015ൽ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച് പാലായിൽ ആദ്യമായി താമര വിരിയിച്ചു.
അന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി സഹോദരൻ ബിജു എതിരാളിയായി. പിന്നീട് ബി.ജെ.പിയുമായി ഉടക്കി 2020ൽ ബിനു സി.പി.എം പ്രതിനിധിയായി ജയിച്ചു. ജോസ് കെ.മാണിയെ പരസ്യമായി വിമർശിച്ചിരുന്ന ബിനുവിന് കേരള കോൺഗ്രസിന്റെ സമ്മർദ്ദംമൂലം ചെയർമാൻ സ്ഥാനം നൽകാൻ സി.പി.എം തയ്യാറായില്ല. പിന്നീട് സി.പി.എം ബിനുവിനെ പുറത്താക്കി.
ബിജു പുളിക്കകണ്ടം ദീർഘനാൾ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സിനിമാരംഗത്ത് സജീവമായ ബിജു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്തത സഹചാരിയാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തശേഷം എം.ബി.എ പഠനത്തിനൊരുങ്ങുമ്പോഴാണ് ദിയ മത്സരരംഗത്ത് ഇറങ്ങിയത്. വനിതാ സംവരണമായതിനാൽ ദിയ ചെയർപേഴ്സണാകാനും സാദ്ധ്യതയുണ്ട്.