ഇനിയും ആക്രമിച്ചാൽ തിരിച്ചടിക്കും: സതീശൻ

Sunday 14 December 2025 2:43 AM IST

കൊച്ചി: തിരഞ്ഞെടുപ്പിൽ തോറ്റമ്പിയതിന്റെ പേരിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും അക്രമത്തിലൂടെ തോൽപ്പിക്കാമെന്നാണ് സി.പി.എം കരുതുന്നതെങ്കിൽ തിരിച്ചടിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിനിടെ പാനൂരിലെ സി.പി.എം അക്രമത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം,

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സി.പി.എം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ട. അദ്ധ്യാപകനെയും യു.ഡി.എഫ് സ്ഥാനാർത്ഥിയെയും ആക്രമിച്ചു. ഇതിനൊക്കെ സി.പി.എമ്മിന് ശക്തമായ തിരിച്ചടി കിട്ടും. അക്രമം കൊണ്ട് കോൺഗ്രസിനെയോ യു.ഡി.എഫിനെയോ തകർക്കാമെന്നു കരുതേണ്ട. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.എം ഇപ്പോൾ മാറിയെന്നും സതീശൻ പറഞ്ഞു.