എന്റെ കെട്ട്യോനെ തോല്പിച്ച വോട്ടർമാരേ നന്ദി !
മാന്നാർ: ആശ്വാസം എന്റെ ഭർത്താവ് തോറ്റല്ലോ. ജയിച്ചിരുന്നെങ്കിൽ ഇനി അഞ്ചു കൊല്ലം ഇവിടെത്തന്നെ കഴിടേണ്ടി വന്നേനേ. ഇനി അദ്ദേഹത്തെയും കൂട്ടി വിദേശത്തേക്ക് പറക്കാം. വോട്ടർമാരേ നന്ദി...
മാന്നാർ പഞ്ചായത്ത് നാലാം വാർഡിൽ പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി സജികുമാറിന്റെ ഭാര്യ സിന്ധുവിന്റേതാണ് നന്ദിപ്രകടനം. ബി.ജെ.പിയിലെ കലാധരൻ കൈലാസമാണ് ഇവിടെ വിജയിച്ചത്. ഫലം വന്നതിന് തൊട്ടുപിന്നാലെ 'നാലാം വാർഡ് നിവാസികൾക്ക് നന്ദി" എന്ന് സിന്ധു ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ചർച്ചയായതോടെ എന്തിനാണ് നന്ദി പറഞ്ഞതെന്ന് വിശദീകരിച്ച് വീണ്ടും പോസ്റ്റ്.
മാന്നാർ നായർ സമാജം ടി.ടി.ഐയിൽ ടീച്ചർ എഡ്യൂക്കേറ്ററാണ് സിന്ധു. കുട്ടംപേരൂർ സഹകരണ ബാങ്ക് സെക്രട്ടറിയാണ് സജികുമാർ. ഇരുവരും വൈകാതെ വിരമിക്കും. അതുകഴിഞ്ഞ് വിദേശത്ത് ബന്ധുക്കൾക്കൊപ്പം കഴിയാനാണ് സിന്ധുവിന് താത്പര്യം.
ഇലക്ഷനുനിൽക്കരുതെന്ന് എത്ര നിർബന്ധിച്ചിട്ടും അനുസരിച്ചില്ല. പാർട്ടി തീരുമാനത്തിനൊപ്പം ഭർത്താവ് നിന്നു. എന്തായാലും, ഒരു എഫർട്ടും കൂടാതെ എനിക്ക് ആ സൗകര്യം നാട്ടുകാർ ഒപ്പിച്ചു തന്നല്ലോ. എങ്ങനെ നന്ദി പറയാതിരിക്കുമെന്ന് സിന്ധു ചോദിക്കുന്നു.