ആദ്യ ഐ.പി.എസുകാരി ഇനി രാഷ്ട്രീയ സർവീസിൽ

Sunday 14 December 2025 2:46 AM IST

 മിന്നും വിജയം നേടി ആർ.ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഐ.പി.എസുകാരിയായ റിട്ട. ഡി.ജി.പി ആർ.ശ്രീലേഖയ്ക്ക് ഇനി 'രാഷ്ട്രീയ സർവീസിനുള്ള" സമയമാണ്. 1987ൽ 26-ാം വയസിൽ ഐ.പി.എസ് നേടിയപ്പോൾ ചരിത്രവും റെക്കാഡുമായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പിയും (ഡയറക്ടർ ജനറൽ ഒഫ് പൊലീസ്) ശ്രീലേഖയാണ്. തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിൽ നിന്നാണ് വിജയം.

സി.ബി.ഐയിലടക്കം മികച്ച കുറ്റാന്വേഷകയെന്ന് പേരെടുത്തു. അപകടങ്ങൾ കുത്തനെ കുറച്ച ഗതാഗത കമ്മിഷണർ, ഇന്റലിജൻസ് മേധാവി, ജയിലുകളുടെ ആദ്യ വനിതാമേധാവി... ഏൽപ്പിച്ച പദവികളിലൊക്കെ തിളങ്ങി. ഫയർഫോഴ്സ് മേധാവിയായാണ് വിരമിച്ചത്.

16-ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട ശ്രീലേഖ, പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് കരുത്താർജ്ജിച്ചത്. കോട്ടൺഹിൽ സ്‌കൂളിൽ പാട്ട്, നാടകം, എൻ.സി.സി, എൻ.എസ്.എസ് എന്നിവയിലെ താരമായിരുന്നു. തിരുവനന്തപുരം വനിതാകോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഇഗ്‌നോവിൽ നിന്ന് എം.ബി.എ എന്നിവ നേടി. ആദ്യം വിദ്യാധിരാജ കോളേജിൽ അദ്ധ്യാപികയായി. തുടർന്ന് റിസർവ് ബാങ്കിൽ ജോലി ചെയ്യവേ സിവിൽ സർവീസിലേക്ക്.

1988ൽ കോട്ടയത്ത് എ.എസ്.പിയായി. 1991ൽ ആദ്യ വനിതാ എസ്.പിയായി തൃശൂരിൽ. വിജിലൻസിലായിരുന്നപ്പോൾ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. റബർ മാർക്കറ്റിംഗ് ഫെഡറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എന്നിവയിൽ എം.ഡിയായി. നാലുവർഷം സി.ബി.ഐയിലും തിളങ്ങി. വിജിലൻസ് അഡി. ഡി.ജി.പിയായിരിക്കെ, കൺസ്യൂമർഫെഡിലെ കോടികളുടെ അഴിമതി കണ്ടെത്തി. 2014ൽ ഗതാഗത കമ്മിഷണറായിരിക്കെ, റോഡ് അപകടനിരക്കിൽ റെക്കാഡ് കുറവുണ്ടാക്കി. സ്ത്രീസുരക്ഷയ്ക്കുള്ള പൊലീസിന്റെ നിർഭയ പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്നു. നിർഭയ പദ്ധതിക്ക് സർക്കാർ പ്രാധാന്യം നൽകാതിരുന്നപ്പോൾ അതിനെതിരെയും രംഗത്തെത്തി. നിർഭയ കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ കേരളത്തിൽ ഒരു ജിഷ ഉണ്ടാകുമായിരുന്നില്ലെന്ന് തുറന്നടിച്ചു.

എഴുത്തും പാട്ടും നാടകവുമെല്ലാം വഴങ്ങും. മൂന്ന് കുറ്റാന്വേഷണങ്ങളടക്കം പത്തിലേറെ പുസ്തകങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാരിന്റെ ഫെലോഷിപ്പടക്കം പുരസ്‌കാരങ്ങളും ലഭിച്ചു. പീഡിയാട്രിക് സർജൻ ഡോ. സേതുനാഥാണ് ഭർത്താവ്. മകൻ ഗോകുൽനാഥ്.