പാലക്കാട് നഗരസഭ. ബി.ജെ.പി ഹാട്രിക് ഭരണത്തിന് ഇടതും വലതും വിഘ്നമാകുമോ?

Sunday 14 December 2025 2:49 AM IST

പാലക്കാട്: പാലക്കാട് നഗരസഭയിൽ 53 സീറ്റുകളിൽ 25 എണ്ണം നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എൽ.ഡി.എഫും യു.ഡി.എഫും സ്വതന്ത്രനും കൈകോർത്താൽ ഭരണത്തിലേറാനാകില്ല. അല്ലെങ്കിൽ ബി.ജെ.പിക്ക് ഹാട്രിക് ഭരണം. പാലക്കാട് നഗരസഭയിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റിനിറുത്താൻ മതേതര ചേരികൾ ഒന്നിക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി പ്രതികരിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും കൈകോർക്കുമോ എന്നാണ് അറിയേണ്ടത്.

യു.ഡി.എഫിന് 18 സീറ്റ്. ഇടതുപക്ഷത്തിന് ഒൻപത്. ഒരു കോൺഗ്രസ് വിമതനും ജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ യു.ഡി.എഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ ബി.ജെ.പി മുന്നിലെത്തുകയായിരുന്നു. കേരളത്തിൽ ബി.ജെ.പി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2020ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയിരുന്നു.

പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാണ്. ഔദ്യോഗിക പക്ഷത്തിനെതിരെ മുൻ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ വിവാദങ്ങളുണ്ടായി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ മുതലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുൽമാങ്കൂട്ടത്തിൽ എം.എൽ.എയോടൊപ്പം, പൊതുചടങ്ങിൽ നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരൻ പങ്കെടുത്തതിനെ തുടർന്നുണ്ടായ പൊട്ടിത്തെറികളും പാർട്ടിയിൽ നിലനിന്നിരുന്നു.