മുഖം നഷ്ടപ്പെട്ട് സി.പി.എം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ആധിപത്യത്തിനേറ്റ തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട അവസ്ഥയിലായി സി.പി.എം. പ്രത്യേകിച്ച്, നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളക്കേസും തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം.
കഴിഞ്ഞ തവണ ഭരിച്ച അഞ്ച് കോർപ്പറേഷനുകളിൽ കോഴിക്കോടൊഴികെ നഷ്ടമായി. സംസ്ഥാന ഭരണംനിലനിറുത്താൻ നിർണായകമാകുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രതീക്ഷിക്കാത്ത തിരിച്ചടി ഞെട്ടിക്കുന്നതായി. കൈപ്പിടിയിലുണ്ടായിരുന്ന ഈ കോർപ്പറേഷനുകൾ നഷ്ടമായതിൽ പാർട്ടി ജില്ലാനേതൃത്വങ്ങൾ വിശദീകരണം നൽകാൻ വിയർപ്പൊഴുക്കേണ്ടിവരും. കൊച്ചി, തൃശൂർ കോർപറേഷനുകളും കൈവിട്ടു.
തിരുവനന്തപുരം നഗരസഭയിലെ എൻ.ഡി.എ മുന്നേറ്റമാണ് മറ്റൊരു തിരിച്ചടി. ഭരണസിരാകേന്ദ്രം ബി.ജെ.പി പിടിച്ചത് ദേശീയതലത്തിൽ ശ്രദ്ധനേടുകയും ചെയ്തു.
ത്രിതല പഞ്ചായത്തിലാണ് ഏറ്റവും കനത്ത പ്രഹരം. കഴിഞ്ഞ തവണ 514 പഞ്ചായത്തുകളുണ്ടായിരുന്നു. ഇപ്പോഴത് 341 ആയി ഇടിഞ്ഞു. 108 ബ്ലോക്കുകൾ ഭരിച്ചിരുന്നതിൽ 63 എണ്ണമേ നിലനിറുത്താനായുള്ളൂ. കൈയിലുണ്ടായിരുന്ന 11 ജില്ലാ പഞ്ചായത്തുകൾ ഏഴെണ്ണമായി കുറഞ്ഞു.
സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിലും പ്രചാരണത്തിലും വീഴ്ചയുണ്ടായെന്ന ആരോപണം കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നിരുന്നു. വർധിപ്പിച്ച ക്ഷേമപെൻഷൻ ജനപിന്തുണ നൽകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സർക്കാർ. ബി.ജെ.പിയുടെ വർഗീയതയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസും ഉയർത്തിയുള്ള പ്രചാരണം വിലപ്പോയതുമില്ല.
"ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമുക്കിട്ട് വച്ചു": എം.എം. മണി
നെടുങ്കണ്ടം: നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്ന് എം.എം. മണി എം.എൽ.എ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പരിപാടികൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വോട്ട് കിട്ടുമെങ്കിൽ എൽ.ഡി.എഫ് ഒരു കാരണവശാലും പരാജയപ്പെടേണ്ടതല്ല. ക്ഷേമ പ്രവർത്തനങ്ങൾ,പെൻഷൻ,റോഡ് തുടങ്ങിയ വികസന പ്രവർത്തനങ്ങളെല്ലാം നൽകിയിട്ടും ജനങ്ങൾ എൽ.ഡി.എഫിനോട് നന്ദി കാണിച്ചില്ല. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിനെപ്പോലെയുള്ളവരെയാണ് ജനങ്ങൾക്ക് വേണ്ടതെന്നും തോൽവിയുടെ കാരണം പാർട്ടി അന്വേഷിക്കുമെന്നും മണി പറഞ്ഞു. മണിയുടെ സ്വന്തം നാടായ രാജാക്കാട് പഞ്ചായത്തിൽ 13 വാർഡിൽ 10 വാർഡും യു.ഡി.എഫ് പിടിച്ചെടുത്തു. ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ആറിലും യു.ഡി.എഫ് ഭരണമാണ് വരുന്നത്.