വാടിക്കരിഞ്ഞ് 'രണ്ടില'

Sunday 14 December 2025 2:52 AM IST

കോട്ടയം : മദ്ധ്യ കേരളത്തിൽ ഏറെ വേരോട്ടമുള്ള കേരള കോൺഗ്രസ് -എമ്മിന്റെ അടിത്തറ ഇളക്കുന്നതായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. കോട്ടയം,​ ഇടുക്കി,​ പത്തനംതിട്ട ജില്ലകളിലെ മേൽക്കോയ്മ പാർട്ടിക്ക് നഷ്ടമായി. പാലാ നഗരസഭയും, ​ കടുത്തുരുത്തി,​ പൂഞ്ഞാർ,​ ചങ്ങനാശേരി നിയമസഭാ മണ്ഡലങ്ങളിലെ പല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, ബ്ലോക്കുകളും, ഗ്രാമപഞ്ചായത്തുകളും നഷ്ടമായി.

ജോസഫ് ഗ്രൂപ്പുമായി നേർക്കുനേർ പോരാടിയ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പരാജയം വൻതിരിച്ചടിയായി. 10 ഡിവിഷനുകളിൽ മത്സരിച്ചെങ്കിലും ജയിക്കാനായത് 4 ഇടത്ത് മാത്രം.കേരള കോൺഗ്രസ് എമ്മിന്റെ ശക്തിയിൽ കോട്ടയം, ഇടുക്കി,​ ജില്ലകളിലെ ഭൂരിപക്ഷം സീറ്റുകളും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായി കൂടുതൽ നിയമസഭാ സീറ്റുകൾക്കായുള്ള മാണി ഗ്രൂപ്പിന്റെ വില പേശലിനെയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ബാധിച്ചേക്കും.

വിവിധ പ്രശ്നങ്ങൾ ഉയർത്തി മാണി ഗ്രൂപ്പ് എൽ.ഡി.എഫ് വിടണമെന്നാവശ്യപ്പെടുന്ന അണികൾക്ക് ഇനി ശക്തിയേറും. യു.ഡിഎ.ഫിലേക്ക് തിരിച്ചു പോകുണമെന്ന ചർച്ച ഇതിനകം സജീവമായി. ക്രൈസ്തവ ബിഷപ്പുമാരുടെ പിന്തുണയും ഈ നീക്കത്തിന് ലഭിച്ചേക്കും. 2020 ൽ മാണി ഗ്രൂപ്പിനെ യു.ഡി.എഫിൽ നിന്ന് അടർത്തി മാറ്റി കോട്ടയത്ത് എൽ.ഡി.എഫ് നേടിയ വൻജയത്തിന്റെ പ്രഭ കെടുത്തുന്നതായി ഇത്തവണത്തെ പരാജയം.