തിരുവനന്തപുരം നഗരം ആര് ഭരിക്കും? മേയർ സ്ഥാനത്തേക്ക് വിവി രാജേഷും ആർ ശ്രീലേഖയും പരിഗണനയിൽ
തിരുവനന്തപുരം: ബിജെപിയുടെ വികസന വാഗ്ദാനം തലസ്ഥാന ജനത മനസ്സിലേറ്റി താമരമുദ്ര പതിച്ചു. ഇനി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം എൻ.ഡി.എയ്ക്ക്. തിരഞ്ഞെടുപ്പ് നടന്ന 100ൽ 50 സീറ്റ് നേടി ചരിത്ര മുന്നേറ്റം നടത്തിയ ബിജെപിയുടെ മേയർ ആരാകുമെന്നതാണ് ചോദ്യം. വിവി രാജേഷിനെ മേയറായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കും സാദ്ധ്യതകൾ ഏറെയാണ്.
കേരളത്തിലെ ആദ്യത്തെ ഐപിഎസ് വനിത ഉദ്യോഗസ്ഥയെന്ന പരിചയസമ്പത്ത് ആർ ശ്രീലേഖയ്ക്ക് മുതൽകൂട്ടാവുമെന്നാണ് കരുതുന്നത്. ബിജെപി കേന്ദ്രനേതൃത്വം ഏറെ ഉറ്റുനോക്കുന്ന നഗരങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. ഒരു ഉയർന്ന പ്രൊഫൈലും സ്ത്രീയെന്ന പരിഗണനയും എടുത്താൽ ശ്രീലേഖയ്ക്ക് സാദ്ധ്യതയേറെയാണ്. എന്നാൽ പൊതുരംഗത്തെ പരിചയക്കുറവ് ഒരു പോരായ്മയാകും. കാത്തിരുന്ന് ലഭിച്ച കോർപ്പറേഷൻ ഭരണപരിചയമുള്ള കൈകളിൽ എത്തിക്കാനാണ് ബിജെപി ശ്രമിക്കുക.
ദീർഘകാലത്തെ പൊതുപ്രവർത്തന പരിചയം കോർപ്പറേഷനിലെ ബിജെപി മുഖമെന്ന ഇമേജും പരിഗണിച്ചാൽ വിവി രാജേഷിനാണ് മുൻതൂക്കം. യുവാവ് എന്ന പരിഗണന കൂടി കണക്കിലെടുത്താൻ കേരളത്തിലെ ആദ്യ ബിജെപി മേയർ സ്ഥാനം വിവി രാജേഷിന്റെ കൈകളിൽ എത്തിയേക്കാം. കഴിഞ്ഞ അഞ്ച് വർഷവും കോർപ്പറേഷൻ ഭരണത്തിനെതിരെ സമരങ്ങൾ നയിച്ചത് രാജേഷായിരുന്നു.