 കൊൽക്കത്ത പരിപാടി അലങ്കോലം -- മെസിയെ കാണാനായില്ല; സ്റ്റേഡിയം അടിച്ചുതകർത്തു

Sunday 14 December 2025 8:43 AM IST

 ടിക്കറ്റ് നിരക്ക് 25000 വരെ

 കാത്തിരുന്നത് നൂറുകണക്കിനു പേർ

 പ്രധാന സംഘാടകൻ അറസ്റ്റിൽ

കൊൽക്കത്ത: ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങിയ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ ആദ്യദിന പരിപാടി തന്നെ അലങ്കോലമായി. വൻതുക നൽകി ടിക്കറ്റെടുത്തിട്ടും പ്രിയതാരത്തെ ശരിക്കൊന്നു കാണാൻപോലുമാകാത്ത ആരാധകർ കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്‌റ്റേഡിയം അടിച്ചു തകർത്തു.

ഗോട്ട് ഇന്ത്യ ടൂർ എന്ന പരിപാടിയുടെ ഭാഗമായാണ് മെസി എത്തിയത്. സംഭവത്തിൽ ഗോട്ട് ടൂറിന്റെ പ്രധാന സംഘാടകൻ ശതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

5000 മുതൽ 25000 രൂപ വരെയായിരുന്നു പ്രവേശന ടിക്കറ്റ്. നൂറുകണക്കിനു പേർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇന്നലെ രാവിലെ രണ്ട് മണിക്കൂർ നിശ്ചയിച്ച പരിപാടി അരമണിക്കൂർ പോലും നീണ്ടില്ല. ഗ്രൗണ്ടിലുണ്ടായിരുന്ന സമയം മുഴുവനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വി.ഐ.പികളുടെയും നടുവിലായിരുന്നു മെസി. ഗ്രൗണ്ടിൽ മെസി പന്ത് തട്ടുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല.​ പെട്ടെന്ന് മടങ്ങുകയും ചെയ്തു.

ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർത്ത ആരാധകർ കുപ്പികളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. മെസിയെ സുരക്ഷാസംഘം പെട്ടെന്ന് സ്റ്റേഡിയത്തിന് പുറത്തെത്തിച്ചു. ആരാധകർ ഗ്രൗണ്ട് കൈയേറിയും അക്രമം നടത്തി.

മെസിക്കൊപ്പം ഉറുഗ്വേ സൂപ്പർ താരം ലൂയിസ് സുവാരേസ്, അർജന്റീന ടീമിലെ സഹതാരം റോഡ്രിഗോ ഡി പോൾ എന്നിവരും ഉണ്ടായിരുന്നു. ഷാരൂഖ് ഖാൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. ഇന്നലെ പുലർച്ചെ 2.26ഓടെയാണ് മെസി കൊൽക്കത്തയിൽ വിമാനമിറങ്ങിയത്.

ഹൈദരാബാദിൽ

മെസി പന്തുതട്ടി

കൊൽക്കത്ത നഗരത്തിൽ നിർമ്മിച്ച 70 അടി പൊക്കമുള്ള മെസിയുടെ പ്രതിമ സാൾട്ട് ലേക്കിലെ പരിപാടിക്ക് മുൻപ് ഓൺലൈനായി താരം അനാവരണം ചെയ്തു. ഷാരൂഖ് ഖാൻ ഈ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം ചാർട്ടേഡ് വിമാനത്തിൽ ഹൈദരാബാദിലെത്തിയ മെസിയും സുവാരേസും ഡി പോളും ഉപ്പൽ സ്റ്റേഡിയത്തിലെ പരിപാടിയിൽ പങ്കെടുത്തു. ആരാധകരെ ആവേശം കൊള്ളിച്ച് പന്തു തട്ടി. അവരോട് മൈക്കിൽ സംസാരിക്കുകയും ചെയ്തു.

മൂന്നാമങ്കം ഇന്ന്

മുംബയ്:ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. വൈകിട്ട് 7 മുതൽ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ ഇരുടീമും 1-1ന് സമനില പാലിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ലത്.

വനിതകളിൽ എറണാകുളത്തിന് ഇരട്ടി മധുരം

കോട്ടയം: മാസ്റ്റേഴ്‌സ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതകളിൽ മുൻ ഇന്റർനാഷണൽ താരങ്ങളായ മെഴ്‌സിയമ്മ, ഷീബമ്മ, എംപിലി അഗസ്റ്റിൻ, ജയകുമാരി എന്നിവരടങ്ങിയ എറണാകുളം 50 പ്ലസ് കാറ്റഗറിയിൽ ആലപ്പുഴയെ ((36-16) പരാജയപ്പെടുത്തി കിരീടം നേടിയപ്പോൾ 40 പ്ലസ് കാറ്റഗറിയിൽ എറണാകുളം ടീം , കോഴിക്കോടിനെ (29-8) പരാജയപ്പെടുത്തിയത് ഇരട്ടി മധുരമായി.

കൂറ്റൻ വിജയം

താനെ: ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം. 316 റൺസിന് നാഗാലാൻഡിനെ കീഴടക്കി. ടൂർണമെന്റിന്റെ ചരിത്രത്തിലെ റെക്കാഡ് ചേസാണിത്. സ്കോർ: കേരളം 377/7.നാഗാലാന്‍ഡ്‌ 61/10. കേരളത്തിനായി ശ്രദ്ധ സുമേഷ് (127)​ സെഞ്ച്വറി നേടി.

ഇന്ന് ഇന്ത്യ പാക് പോരാട്ടം

ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാവിലെ 10.30 മുതലാണ് മത്സരം.