'ഒരിഞ്ചുപോലും പിന്നോട്ടില്ല';വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി ആര്യാ രാജേന്ദ്രന്റെ വാട്സാപ്പ് സ്റ്റാറ്റസ്

Sunday 14 December 2025 12:36 PM IST

തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫിന് തിരിച്ചടിയുണ്ടായതിനുപിന്നാലെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്. മേയറിന്റെ ഭരണത്തിലുണ്ടായ പിശകാണെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവും ഫേസ്ബുക്കിൽ ആര്യയുടെ ഭരണത്തിലുണ്ടായ പിശകിനെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വാട്സാപ്പ് സ്റ്റാറ്റസിലൂടെ ആര്യ പ്രതികരിച്ചിരിക്കുകയാണ്. 'ഒരിഞ്ചുപോലും പിന്നോട്ടില്ല' (നോട്ട് ആൻ ഇഞ്ച് ബാക്ക്)​ എന്ന കുറിപ്പോടെ രണ്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

പാർട്ടിയേക്കാൾ വലുതാണെന്ന ഭാവമാണെന്നും കരിയർ ബിൽഡിംഗിനുള്ള ഫോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്തെന്നും ഗായത്രി ബാബു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ആര്യയുടെ പേര് പരാമർശിക്കാതെയാണ് ഗായത്രി ബാബു വിമർശിച്ചത്. 'അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും ഉൾപ്പെടെ, കരിയർ ബിൽഡിംഗിനുള്ള ഫോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ, കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി'- ഗായത്രി ബാബു കുറിച്ചു. ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായിരുന്നു ഗായത്രി ബാബു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഗായത്രി പിൻവലിക്കുകയായിരുന്നു.

അതേസമയം,​ ആര്യയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കോർപറേഷനിലുണ്ടായ തോൽവി ആര്യയുടെ തലയിലിടാൻ ആരും ശ്രമിക്കേണ്ടന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. തിരുവനന്തപുരത്ത് ആര്യ നടത്തിയത് മാതൃകാപരമായ പ്രവർത്തനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.