തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിഎംപി നേതാവ് വി ആർ സിനി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബ വീട്ടിലാണ് കുഴഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇത്തവണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന മിനി, 26 വോട്ടിനാണ് ബിജെപിയോട് പരാജയപ്പെട്ടത്. ഇവരുടെ അപരരായി മത്സരിച്ച രണ്ട് പേർക്ക് കൂടി 44 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥ് മരണത്തിൽ അനുശോചനം അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വകവയ്‌ക്കാതെയാണ് സിനി പ്രവർത്തിച്ചിരുന്നതെന്ന് അദ്ദേഹം അനുസ്‌മരിച്ചു.
' രാവിലെ ഹൃദയഭേദകമായ ഒരു വാർത്ത കേട്ടാണ് ഉണർന്നത്. പ്രിയപ്പെട്ട സിനി ചേച്ചി ഞങ്ങളെ വിട്ടുപിരിഞ്ഞു. കോർപ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗൺസിലർ, ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ച പോരാളിയായിരുന്നു സിനി ചേച്ചി. ഈ കോട്ടയിൽ വെറും 26 വോട്ടിനാണ് ചേച്ചി ഇന്നലെ പരാജയപ്പെട്ടത്. അതിനോടൊപ്പം 44 വോട്ട് ഇതേ പേരുള്ള മറ്റ് രണ്ട് പേർക്കും ലഭിച്ചു'- ശബരീനാഥൻ പറഞ്ഞു.