പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

Sunday 14 December 2025 1:24 PM IST

തിരുവനന്തപുരം: കോർപ്പറേഷൻ അധികാരം ബിജെപി ആദ്യമായി ഉറപ്പിച്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണിൽ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ തിരുവനന്തപുരത്ത് എപ്പോൾ എത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നൽകിയതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പി- എൻ‌.ഡി‌.എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബി.ജെ.പിക്കേ കഴിയൂവെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബി.ജെ.പി പ്രവർത്തിക്കും. ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് ഉറപ്പു നൽകുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തുമ്പോൾ തിരുവനന്തപുരത്തെ ബിജെപി മേയർ സ്വീകരിക്കാനുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം കേരള കൗമുദിയോട് പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമാണ്. തിരുവനന്തപുരത്ത് ഞങ്ങൾ മാറ്റം കൊണ്ടുവന്നു. ഇനി നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നുണ്ട്. അതിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.