യു.ഡി.എഫ് ആവർത്തിച്ചത് 2010ലെ ചരിത്രവിജയം

Monday 15 December 2025 12:49 AM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആവർത്തിച്ചത് 2010ലെ ചരിത്രനേട്ടം. അന്നത്തേതിനെ അപേക്ഷിച്ച് മുന്നണിയുടെ അടിസ്ഥാന ഘടനയിൽ മാറ്റമുണ്ടായിട്ടും നേരിയ വ്യത്യാസത്തിലാണ് യു.ഡി.എഫ് പഴയ വിജയം ആവർത്തിച്ചത്.

പഞ്ചായത്തിരാജ് നഗരപാലിക നിയമം നിലവിൽവന്നതിന് ശേഷം, 1995 മുതൽ നടന്ന 7തദ്ദേശ തിരഞ്ഞെടുപ്പുകളിൽ 5 തവണയും എൽ.ഡി.എഫിനായിരുന്നു മേൽക്കോയ്മ. 1995, 2000, 2005 തിരഞ്ഞെടുപ്പുകളിൽ എൽ.‌ഡി.എഫ് തുടർച്ചയായി ആധിപത്യം നിലനിറുത്തി. 2010ൽ യു.ഡി.എഫ് ചരിത്രം തിരുത്തി വലിയ മുന്നേറ്റം സൃഷ്ടിച്ചു. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ ജനസമ്മതിയും തദ്ദേശഭരണത്തിലെ വനിത സംവരണം 33 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയ ഭരണനേട്ടവും എൽ.ഡി.എഫിന് തുണയായില്ല. തുടർന്ന് 2015ലും 2020ലും നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നഷ്ടപ്രതാപം വീണ്ടെടുത്തു. ഇത്തവണ 10 വർഷത്തെ സംസ്ഥാന ഭരണത്തിന്റെ തണലിൽ വലിയ പ്രതീക്ഷകളോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഇടതുമുന്നണിക്ക് അപ്രതീക്ഷിതമായി അടിപതറി.

2010ൽ ആകെയുള്ള 21607 വാർ‌ഡ്/ ഡിവിഷനുകളിൽ 11200 എണ്ണം യു.ഡി.എഫ് സ്വന്തമാക്കിയിരുന്നു. അന്ന് കേരളകോൺഗ്രസ് (എം) യു.ഡി.എഫിന് ഒപ്പമുണ്ടായിരുന്നു. ഇത്തവണ കേരള കോൺഗ്രസ് ഇടതുപക്ഷത്തായിട്ടും ആകെയുള്ള 23612 വാർഡിൽ 11103 വാർഡുകൾ യു.ഡി.എഫ് സ്വന്തമാക്കി.

 തദ്ദേശസ്ഥാപനങ്ങൾ 2010...........2025

1.ഗ്രാമപഞ്ചായത്ത്:

യു.ഡി.എഫ്: 565..................505

എൽ.ഡി.എഫ്: 348.................340

എൻ.ഡി.എ : 2................... 26

മറ്റുള്ളവർ: 0.....................6

ടൈ: 0....................64

2. ബ്ലോക്ക് പഞ്ചായത്ത്

യു.ഡി.എഫ്: 92.................79

എൽ.ഡി.എഫ്: 60.................63

എൻ.ഡി.എ : 0...................0

ടൈ: 0..................10

3. ജില്ല പഞ്ചായത്ത്

യു.ഡി.എഫ്: 8............7

എൽ.ഡി.എഫ്: 7............7

എൻ.ഡി.എ : 0.............0

4. മുനിസിപ്പാലിറ്റി

യു.ഡി.എഫ്: 40...............54

എൽ.ഡി.എഫ്: 17...............28

എൻ.ഡി.എ : 0..................2

ടൈ 0..................1

മറ്റുള്ളവർ 0...................1

5. കോർപ്പറേഷൻ

യു.ഡി.എഫ്: 2...............4

എൽ.ഡി.എഫ്: 3...............1

എൻ.ഡി.എ : 0................1