മട്ടാഞ്ചേരിയിൽ സ്കൂട്ടർ കത്തിനശിച്ചു; പിന്നിൽ മയക്കുമരുന്ന് സംഘം ...?

Monday 15 December 2025 12:48 AM IST

കൊച്ചി: മട്ടാഞ്ചേരിയിൽ പച്ചക്കറി വില്പനക്കാരനായ യുവാവ് വീടിന് സമീപം നടപ്പാതയിൽ നി‌റുത്തിയിട്ട സ്കൂട്ടർ അർദ്ധരാത്രി കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ ലഹരിവിതരണ സംഘങ്ങളാണെന്ന സംശയത്തെ തുട‌‌ർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മട്ടാഞ്ചേരി കായിസ് ഹോട്ടലിന് സമീപം സീലാട്ട് പറമ്പിൽ താമസിക്കുന്ന രജീഷിന്റെ സ്കൂട്ടറാണ് കത്തിയത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. സഹോദരിയുടെ ഭർത്താവ് വടക്കൻ പറവൂർ കടുങ്ങല്ലൂർ സ്വദേശി അഷിഫിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ കുറച്ചു ദിവസമായി രജീഷാണ് ഉപയോഗിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് നടപ്പാതയിൽ പാർക്ക് ചെയ്തത്. രജീഷിന്റെ സഹോദരൻ രമീഷാണ് വാഹനം കത്തുന്നത് കണ്ടത്. മട്ടാഞ്ചേരി ഫയർഫോഴ്സ് എത്തിയപ്പോഴേക്കും സമീപത്തെ വീടിലേക്ക് തീ പട‌ർന്നു തുടങ്ങിയിരുന്നു. സ്കൂട്ടർ പൂർ‌ണമായി നശിച്ചു.

കോളനി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കെതിരെ രജീഷ് പൊലീസിൽ പരാതി നൽകിയത് അടുത്തിടെയാണ്. രാത്രികാലത്ത് പുറമെ നിന്നുള്ളവർ ലഹരി വാങ്ങാൻ കോളനിക്ക് സമീപം എത്തുന്നതിനെ രജീഷിന്റെ നേതൃത്വത്തിൽ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തീ കൊളുത്തിയതാണെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.

കോളനിയിലെ സി.സി ടിവി ദൃശ്യങ്ങളിൽ തീ പിടിക്കുന്നതിന് മുമ്പ് സ്കൂട്ടറിന് സമീപം ചില യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട കുപ്പി പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. മട്ടാഞ്ചേരി പൊലീസാണ് അന്വേഷിക്കുന്നത്.